ദേശീയം

രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത് നീട്ടിപ്പിടിച്ച ആ കുഞ്ഞിക്കൈകള്‍; കുഴല്‍ക്കിണറില്‍ നിന്ന് സുജിത്തിനെ ഉയര്‍ത്തിയെടുക്കാന്‍ പറ്റാത്തതിന് കാരണം

സമകാലിക മലയാളം ഡെസ്ക്

കുഴല്‍ക്കിണറിനുള്ളില്‍ കൈകള്‍ ഉയര്‍ത്തിയ നിലയില്‍ ആ കുഞ്ഞ് ജീവന്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് 60 മണിക്കൂര്‍ പിന്നിടുകയാണ്. രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും സുജിത്തിന്റെ അടുത്തേക്ക് എത്താന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. കയര്‍ കെട്ടി പുറത്തെത്താക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് സമാന്തര കിണര്‍ നിര്‍മിച്ച് കുട്ടിയുടെ അടുത്ത് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇതും വിജയിക്കാതായതോടെ രക്ഷാപ്രവര്‍ത്തകര്‍ ആശങ്കയിലാണ്. 

മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കുഞ്ഞിക്കൈകളും കുഴല്‍ക്കിണറിന് ഉള്ളിലെ താപനിലയുമാണ്‌ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കയറില്‍ കുടുക്കിട്ട് അതുവഴി കുഞ്ഞിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിപ്പോവുകയായിരുന്നു. കുഴല്‍ക്കിണറിന് സമാനമായി കിണറുണ്ടാക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ജീവന് കൂടുതല്‍ ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ ഉപദേശംനല്‍കിയിട്ടുണ്ട്. 

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കുഞ്ഞ് കുഴല്‍ക്കിണറില്‍ വീഴുന്നത്. രാത്രി എട്ട് മണിയോടെയാണ് ഡിനിയലിന്റെ നേതൃത്വത്തില്‍ മൂന്ന് പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്നത്. കുഴല്‍കിണറില്‍ വീണു പോകുന്നവയെ പുറത്തെടുക്കുന്നതില്‍ വൈദഗ്ധ്യം നേടിയ വ്യക്തിയാണ് ഡാനിയല്‍. കുഞ്ഞുങ്ങളെ പുറത്തെത്തിക്കാന്‍ സ്വന്തമായ മാര്‍ഗങ്ങളും അദ്ദേഹം ആസൂത്രണം ചെയ്തിട്ടുണ്ട്. സുജിത്തിന്റെ കാര്യത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടിവന്നു എന്നാണ് ഡാനിയല്‍ പറയുന്നത്.

'ഞാന്‍ വരുമ്പോള്‍ തന്നെ സുജിത്ത് മൂന്ന് മണിക്കൂറായി കുഴല്‍കിണറിന് ഉള്ളിലായിരുന്നു. ഭൂപ്രതലം പാറകള്‍ നിറഞ്ഞതും നനവുള്ളതുമാണ്. കുഴല്‍കിണറിനുള്ളിലെ താപനില കാരണം കുഞ്ഞ് വല്ലാതെ വിയര്‍ക്കുന്നുണ്ട്. വിയര്‍ത്തിരിക്കുന്നതിനാല്‍ കുഞ്ഞിന്റെ കൈയിലിടുന്ന കുടുക്ക് തെന്നിപ്പോകുന്നതാണ് പ്രധാനമായും വെല്ലുവിളിയാകുന്നത്.' ഡാനിയല്‍ പറഞ്ഞു. 

ഡാനിയലിനെ കൂടാതെ എന്‍ജിനീയറിംഗ് കൊളേജില്‍ ജോലി ചെയ്യുന്ന ശ്രീധറും രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി എത്തിയിരുന്നു. ഡാനിയലിനെപ്പോലെ കുടുക്ക് ഇടുന്നതിന് പകരം ഗ്രിപ്പര്‍ എന്ന ഉപകരണവുമായാണ് ശ്രീധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഇത് കുഞ്ഞിന്റെ കൈകളില്‍ ബലമായി ഘടിപ്പിച്ച് മുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇതും പരാജയപ്പെടുകയായിരുന്നു. കുഴല്‍കിണറിലൂടെ തന്നെ കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമായ മാര്‍ഗം എന്നാണ് വിദ്ഗ്ധനായ ശ്രീധര്‍ പറയുന്നത്. കുഴല്‍കിണര്‍ ശരിയായി മൂടിയിട്ടില്ലേ എന്ന് ആളുകള്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

മറ്റൊരു വിദഗ്ധനായ നാമക്കലില്‍ നിന്നുള്ള വെങ്കിടേഷ് തന്റെ മെഷീന്‍ കുഴല്‍കിണറില്‍ ഇറക്കി കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താഴോട്ട് പോകുംതോറും കിണറിന് വ്യാസം കുറഞ്ഞുവരുന്നതിനാല്‍ സുജിത്ത് കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് എത്താന്‍ സാധിച്ചില്ല. ഇവ പരാജയപ്പെട്ടതോടെയാണ് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴി എടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതോടെ 27 അടിയില്‍ നിന്ന് 70 അടിയിലേക്ക് കുട്ടി വീഴാന്‍ കാരണമായി. ഇതാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പ്രണയപ്പക കാമുകിയുടെ ജീവനെടുത്തു, വിഷ്ണുപ്രിയ വധക്കേസില്‍ വിധി വെള്ളിയാഴ്ച

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്