ദേശീയം

ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവം: അപകടത്തിന്റെ വീഡിയോ പുറത്ത്, വിവാദം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തില്‍ വിവാദം ചൂടുപിടിക്കുന്നു. ഫ്‌ളക്‌സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇപ്പോഴിതാ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 

അപകടത്തില്‍ മരിച്ച ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ ഇടിച്ച് തെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു 23കാരിയായ ശുഭശ്രീ. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഫ്‌ളക്‌സ് പൊട്ടിവീണ് അപകടമുണ്ടായത്.  

നഗരത്തില്‍ അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിനു സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡാണ് ശുഭശ്രീയുടെ ദേഹത്തേക്ക് വീണ് അപകടമുണ്ടായത്. ശുഭശ്രീയുടെ മരണം ദേശീയ തലത്തില്‍ വിവാദമാകുകയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെയാണു സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തന്നെ തയാറായത്. 

എത്ര ലീറ്റര്‍ രക്തം കൊണ്ടാണു സര്‍ക്കാര്‍ റോഡുകള്‍ ചായംപൂശാന്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ശുഭശ്രീയുടെ മരണത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സംഭവം ഖേദകരമാണ്. ബാനറുകളും ഫ്‌ലെക്‌സുകളും ഉപയോഗിക്കുന്ന പരിപാടിയില്‍ ഇനി പങ്കെടുക്കില്ലെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം അടക്കം കല്യാണത്തിനെത്തിയവരെ സ്വാഗതം ചെയ്യാന്‍ വച്ച ഫ്‌ളക്‌സാണു യുവതിയുടെ ജീവനെടുത്തത്. ഫ്‌ളക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം പൂട്ടി സീല്‍ ചെയ്യലായിരുന്നു സര്‍ക്കാരിന്റെ ആദ്യ നടപടി. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ചെന്നൈ കോര്‍പ്പറേഷനെ ഉപയോഗിച്ചാണു സ്ഥാപനം പൂട്ടിച്ചത്. തൊട്ടുപിറകെ ശുഭശ്രീയുടെ ദേഹത്തിലൂടെ കയറി ഇറങ്ങിയ ടാങ്കര്‍ ലോറി ഡ്രൈവറെ പിടികൂടി മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. എന്നാല്‍ ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ നേതാവിനെതിരെ കേസെടുക്കാന്‍ തുടക്കത്തില്‍ പൊലീസ് തയാറായില്ല.

പ്രതിഷേധം കടുത്തതോടെയാണു ഭരണകക്ഷിയുടെ പ്രമുഖ നേതാവായ ജയഗോപാലിനെതിരെ കേസെടുത്തത്. അനധികൃത ഫ്‌ളക്‌സുകള്‍ നീക്കുന്നതില്‍ വീഴ്ച വരുത്തിയ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി