ദേശീയം

ലൈംഗിക പീഡനക്കേസില്‍ ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയില്ല; ആരോപണവുമായി യുവതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: താന്‍ എങ്ങനെയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കുന്ന വിശദമായ മൊഴിയും തെളിവും നല്‍കിയിട്ടും പൊലീസ് മുന്‍ കേന്ദ്ര മന്ത്രി ചിന്മയാനന്ദിന്റെ പേരില്‍ ബലാത്സംഗക്കുറ്റം ചുമത്തിയില്ലെന്ന് ആരോപണമുന്നയിച്ച് യുവതി. തെളിവായി 43 വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് യുവതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. താന്‍ ബ്ലാക്ക് മെയ്‌ലിങ് നടത്തുകയാണെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ദൃശ്യങ്ങള്‍ ചിന്മയാനന്ദിനെ കാണിച്ചെന്നും അവ യഥാര്‍ഥമാണെന്ന് സമ്മതിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തലവന്‍ നവീന്‍ അറോറ വ്യക്തമാക്കി. യുവതി നല്‍കിയ മൊബൈല്‍ ഫോണും പെന്‍ഡ്രൈവും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. 

ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ട് ബുന്ധുക്കളേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പുറത്ത് വിടാതിരിക്കാന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റെന്ന് യുപി ഡിജിപി ഒപി സിങ് അറിയിച്ചു. 

ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാര്‍ഥിനിയായിരുന്ന യുവതി ഒരു വര്‍ഷത്തോളം പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായാണ് രംഗത്തു വന്നത്. ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. 

ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാന്‍ യുവതിക്ക് ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നെന്നും ബിജെപി സര്‍ക്കാരിന് തൊലിക്കട്ടി കൂടുതലാണെന്നും പ്രിയങ്കാ ഗാന്ധി പരിഹസിച്ചു. പൊതുജനത്തിന്റെയും മാധ്യമങ്ങളുടേയും വിജയമാണ് ഈ അറസ്റ്റെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്