ദേശീയം

ഇന്ത്യയിലെ ഈ ഗ്രാമത്തിലുള്ള സ്‌കൂള്‍ കുട്ടികള്‍ സംസാരിക്കുന്നത് ജപ്പാനീസ് ഭാഷ!

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിനടത്തുള്ള ഗഡിവത്ത് ഗ്രാമത്തിലെ കുട്ടികള്‍ സംസാരിക്കുന്നത് ജപ്പാനീസ് ഭാഷ. ജില്ലാ പരിഷത്തിന്റെ മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജപ്പാന്‍ ഭാഷ പഠിച്ച് സംസാരിക്കുന്നത്. ഔറംഗബാദ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. നല്ല റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ കാര്യമായി ഇപ്പോഴും ഇവിടെയില്ല. 

എന്നാല്‍ ഇന്റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്‌കൂള്‍ അധികൃതര്‍ വിദേശ ഭാഷകള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ അവസരമൊരുക്കുക എന്ന തീരുമാനത്തിലെത്തിയത്. 

ഇതിന്റെ ഭാഗമായി നാലാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളോട് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ മിക്ക കുട്ടികളും തിരഞ്ഞെടുത്തത് ജപ്പാനീസ് ഭാഷയാണെന്ന് സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ദാദസാഹേബ് നവ്പുതെ പറയുന്നു. യന്ത്രങ്ങളെക്കുറിച്ചും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ജിജ്ഞാസയുമാണ് കുട്ടികളെ ജപ്പാനീസ് ഭാഷ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും നവ്പുതെ പറഞ്ഞു. 

കുട്ടികള്‍ ജപ്പാനീസ് ഭാഷയില്‍ താത്പര്യം കാണിച്ചെങ്കിലും അവര്‍ക്ക് ഇത് സാധ്യമാക്കുക എങ്ങനെ എന്നത് സ്‌കൂള്‍ അധികൃതരെ ആദ്യം കുഴക്കി. ജപ്പാനീസ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്നവരോ അതിനുള്ള പഠന സാമഗ്രികളോ സ്‌കൂളിലുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് വഴിയും വീഡിയോകള്‍ ശേഖരിച്ചും മൊഴിമാറ്റത്തിലൂടെയുമൊക്കെ അധികൃതര്‍ കുട്ടികളെ ജപ്പാന്‍ ഭാഷ പഠിപ്പിക്കാന്‍ ആരംഭിക്കുകയായിരുന്നു. 

വൈകീട്ട് സ്‌കൂള്‍ സമയം കഴിഞ്ഞ ശേഷം ഒരു മണിക്കൂര്‍ വീതം ജപ്പാനീസ് ഭാഷാ പഠനത്തിനായി മാറ്റിവച്ചാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ജൂലൈ മാസത്തില്‍ മാത്രം 20-22 ക്ലാസുകള്‍ വരെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വഴി നടത്തിയെന്ന് അധികൃതര്‍ പറയുന്നു. ഭാഷ പഠിക്കുന്ന കുട്ടികള്‍ മുഴുവന്‍ ഉത്സാഹത്തോടെ തന്നെ കാര്യങ്ങള്‍ വേഗം പഠിച്ചെടുക്കുന്നതായും അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ക്ലാസിലൂടെ ഇപ്പോള്‍ കുട്ടികള്‍ പരസ്പരം ജപ്പാന്‍ ഭാഷ ഒഴുക്കോടെ തന്നെ സംസാരിക്കുന്നതായും അധ്യാപകര്‍ പറയുന്നു. 

ജപ്പാനീസ് ഭാഷയിലെ അക്ഷരങ്ങളാണ് ആദ്യം പഠിച്ചത്. പിന്നീട് വാക്കുകളും അവ ഉപയോഗിച്ച് വാക്യങ്ങള്‍ ഉണ്ടാക്കുന്നതും പഠിച്ചുവെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി കോള്‍ഗെ പറഞ്ഞു. വൈഷ്ണവിയുടെ മാതാപിതാക്കള്‍ കര്‍ഷകരാണ്. 

350ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. അതില്‍ 70 കുട്ടികളാണ് നിലവില്‍ ജപ്പാന്‍ ഭാഷ പഠിക്കുന്നത്. വിദേശ ഭാഷയുടെ പരിചയത്തിലൂടെ കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പരിഷത്ത് വിദ്യാഭ്യാസ ഓഫീസര്‍ രമേഷ് താക്കൂര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍