ദേശീയം

കോവിഡ് വാക്സിൻ വിതരണത്തിന് വൻ തയ്യാറെടുപ്പ്; വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഒരുങ്ങി; സ‍ജ്ജമായി വ്യോമസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കം 100 സംവിധാനങ്ങൾ സജ്ജമാക്കി ഇന്ത്യൻ വ്യോമസേന. ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായാണ് സേന തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് വ്യോമ സേനയുടെ മുൻകൂട്ടി ഒരുങ്ങിയത്. 

രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ഏൽപ്പിച്ചാൽ ഉടൻതന്നെ അത് ഏറ്റെടുത്ത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമസേന പൂർത്തിയാക്കിയിട്ടുള്ളത്. അതേസമയം ചൈനയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് അതിർത്തിയിൽ ജാഗ്രത പുലർത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാവും വ്യോമസേന വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കുക. 

മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കോവിഡ് വാക്‌സിൻ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി - 17 ഗ്ലോബ്മാസ്റ്റർ, സി - 130 ജെ സൂപ്പർ ഹെർക്കുലീസ്, ഐഎൽ 76 എന്നീ വമ്പൻ ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചാവും നിർമാണ കമ്പനികളിൽ നിന്ന് വാക്‌സിൻ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെ നിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാൻ എഎൻ 32, ഡോണിയർ വിമാനങ്ങൾ ഉപയോഗിക്കും. എഎൽഎച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചാവും അവസാന പോയിന്റുകളിൽ വാക്‌സിൻ എത്തിക്കുക. 

വാക്‌സിൻ വിതരണത്തിൽ മുമ്പും വ്യോമസേന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2018 ൽ റുബെല്ല, മീസിൽസ് വാക്‌സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിൽ വ്യോമസേന സുപ്രധാന പങ്ക് വഹിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് പിന്നാലെ പുതിയ നോട്ടുകൾ വ്യോമസേന വിമാനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു. സമാനമായ രീതിയിൽ കോവിഡ് വാക്‌സിൻ വിതരണത്തിലുള്ള തയ്യാറെടുപ്പുകളും നടത്തുകയാണ് വ്യോമസേന. 

കോവിഡ് വാക്‌സിൻ ആദ്യം ലഭ്യമാക്കുന്ന മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി ഇന്ത്യക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പ്രത്യേക കർമസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ കർമസേനയുടെ ഭാഗമാണ്. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കാണ് രാജ്യത്ത് വാക്‌സിൻ ആദ്യം നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു