ദേശീയം

'കാര്യങ്ങള്‍ തണുക്കട്ടെ, ഉത്തരവ് അപ്പോള്‍ പുറപ്പെടുവിക്കാം' ; ഷഹീന്‍ബാഗ് കേസില്‍ സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഡല്‍ഹി ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി ഉത്തരവിടാതെ മാറ്റിവെച്ച് സുപ്രീംകോടതി. സ്ഥിതിഗതികള്‍ ശാന്തമാകട്ടെ. അതിന് ശേഷം ഉത്തരവിടാം. ഇപ്പോഴത്തെ പരിതസ്ഥിതി അനുസരിച്ച് എന്തെങ്കിലും ഉത്തരവിടാന്‍ കഴിയുന്ന സാഹചര്യമല്ല. അതിനാല്‍ ഇടക്കാല ഉത്തരവിടുന്നില്ലെന്നും  സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഡല്‍ഹിയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് എല്ലാവരും ശാന്തരാകണമെന്ന് സുപ്രീംകോടതി അഭ്യര്‍ത്ഥിച്ചു. ഇങ്ങനെയാണോ ഒരു സമൂഹം പെരുമാറേണ്ടത്. ജനാധിപത്യത്തില്‍ വിയോജിപ്പുകളുണ്ടാകാം. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നത് അക്രമത്തിലൂടെയല്ല. ഇത് ആരോഗ്യകരമായ എതിര്‍പ്പല്ലെന്നും ജസ്റ്റിസ് എസ് കെ കൗള്‍ അഭിപ്രായപ്പെട്ടു.

ഡല്‍ഹി കലാപം നേരിടുന്നതില്‍ പൊലീസ് കാര്യക്ഷമമായിരുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു. ഡല്‍ഹി പൊലീസിന്റെ നടപടികളില്‍ പ്രൊഫഷണലിസമില്ല. കര്‍ക്കശമായ നടപടികള്‍ ഉണ്ടാകണമായിരുന്നു. പൊലീസ് സേന പ്രൊഫഷണലുകളായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാകുമായിരുന്നില്ല. ഇത്രയും ജനങ്ങളുടെ ജീവന്‍ നഷ്ടമായത് ചെറുതായി കാണാനാവില്ല. ബ്രിട്ടനിലെയും അമേരിക്കയിലെയും പൊലീസിനെ ഡല്‍ഹി പൊലീസ് കണ്ടു പഠിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു.

പൊലീസിന്റെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. അകമങ്ങളെ നിയമപരമായി തന്നെ നേരിടണമായിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് അപ്പോള്‍ തന്നെ നടപടി എടുക്കണമായിരുന്നു. അതിന് ഉത്തരവിനായി കാത്തിരിക്കരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവിനായി ബ്രിട്ടീഷ് പൊലീസ് കാത്തിരിക്കുകയല്ല, പകരം കടുത്ത നടപടി എടുക്കുകയാണ് ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

ഷഹീന്‍ബാഗ് പ്രതിഷേധക്കാരുമായി ചര്‍ച്ചയ്ക്ക് സുപ്രീംകോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും സാധന രാമചന്ദ്രനും കോടതിക്ക് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കണ്ടതായി കോടതി വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യം പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സാഹചര്യം ഉചിതമല്ല. അതിനാല്‍ ഹോളി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം