ദേശീയം

'ആള്‍ക്കൂട്ടം വീട്ടിലേക്ക് ഇരച്ചു കയറി,  എന്റെയും മക്കളുടേയും വസ്ത്രങ്ങള്‍ വലിച്ചു കീറി';  ഭയപ്പെടുത്തിയ മണിക്കൂറുകളെക്കുറിച്ച് അവര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത് ഭയപ്പെടുത്തുന്ന സംഭവങ്ങള്‍. പലരും തങ്ങളനുഭവിച്ച ഭീതിജനകമായ അവസ്ഥയുടെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല.

ബുധനാഴ്ച രാത്രി ഒരുകൂട്ടം ആളുകള്‍ വീട്ടിലേക്ക് ഇരച്ചു കയറി തന്നെയും രണ്ട് പെണ്‍മക്കളേയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി അല്‍ ഹിന്ദ് ആശുപത്രിയില്‍ കഴിയുന്ന 45കാരി പറഞ്ഞു. ദുപ്പട്ടകളുമായി താനും മക്കളും വീടിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു എന്ന് അവര്‍ വ്യക്തമാക്കി.

'ഞാന്‍ വീട്ടിലിരിക്കുമ്പോഴാണ് ആള്‍ക്കൂട്ടം എത്തിയത്. എന്റെ രണ്ട് പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. ആള്‍ക്കൂട്ടം ഞങ്ങളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി ഉപദ്രവിക്കാന്‍ ശ്രമിച്ചു'- കരവല്‍ നഗറിലെ എന്‍ജിഒ ആയ ഒരു യുവതി കണ്ണീരോടെ പറഞ്ഞു. തങ്ങള്‍ പുറത്തേക്കോടിയപ്പോള്‍ ജനക്കൂട്ടം പിന്തുടര്‍ന്നു. പ്രദേശത്തെ പലചരക്ക് കടക്കാരനായ അയൂബ് അഹമ്മദിന്റെ വീട്ടില്‍ അഭയം പ്രാപിച്ചതോടെയാണ് അവര്‍ പിന്‍മാറിയതെന്നും യുവതി വ്യക്തമാക്കി. അയുബ് അഹമ്മദ് തങ്ങള്‍ക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും തന്ന് സഹായിച്ചു. പിന്നീടാണ് ആശുപത്രിയില്‍ എത്തിയത്. അക്രമികള്‍ തങ്ങളുടെ വീടിനടുത്തുള്ളവര്‍ തന്നെയാണെന്നും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപരിചിതരായ ഒരു കൂട്ടം ആളുകള്‍ തന്റെ വീടിന് സമീപമെത്തി തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് 20കാരന്‍ സല്‍മാന്‍ ഖാന്‍ പറയുന്നു. ശരീരത്തിന്റെ പുറക് വശത്ത് ആസിഡ് വീണ് സല്‍മാന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ രാത്രി 11 മണിയോടെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.

ജോലി കഴിഞ്ഞ് രാത്രി 8.30ഓടെ വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിക്കവേ ബൈക്ക് തടഞ്ഞുവച്ച് അപരിചിതരായ ആളുകള്‍ തന്നെ മര്‍ദ്ദിച്ചതായി 30കാരനായ അകില്‍ സെയ്ഫി പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഗോകുല്‍പുരിയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബിലാല്‍ എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. അംഗ പരിമിതനായ വ്യക്തിയാണ് ബിലാലെന്ന് അകില്‍ പറയുന്നു. പരുക്കുകളോടെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിഎഎയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ കലാപത്തില്‍ 37 പോരാണ് മരിച്ചത്. 200ഓളം പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും