ദേശീയം

കൊറോണ: ചൈനയിലെ വുഹാനില്‍ നിന്ന് പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കും; പ്രത്യേക വിമാനം സജ്ജം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സര്‍ക്കാരുമായി ആശയവിനിമം നടത്തി. ഇന്ത്യയിലേക്ക് ഇവരെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇതിനായി പ്രത്യേക വിമാനം സ്ജ്ജമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വുഹാനിലേക്കോ സമീപത്ത് പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിലേക്കോ പ്രത്യേക വിമാനം അയച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടി വേണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

അതിനിടെ, കേരളത്തില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ 288 പേര്‍ നിരീക്ഷണത്തിലുളളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരില്‍ ആറ് പേരുടെ റിസള്‍ട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ ചികിത്സയിലുള്ള പെരുമ്പാവൂര്‍ സ്വദേശിയും ഇതില്‍ പെടും. 

ഇതില്‍ രണ്ട് പേര്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസള്‍ട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലും കേസുകള്‍ കൊറോണ പോസിറ്റീവായാല്‍ നേരിടാനുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.  വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കണ്ടെത്താന്‍ ഒന്നിച്ചു നില്‍ക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവര്‍ത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പര്‍ക്കം പുലര്‍ത്തണം  മന്ത്രി പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായി കാണാന്‍ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാല്‍, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള  ആരോഗ്യകേന്ദ്രത്തിലെത്തി തന്നെ ചികിത്സ തേടണം  ആരോഗ്യമന്ത്രി പറഞ്ഞു. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കല്‍ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കൊച്ചിയില്‍ എത്തിയിരുന്നു.  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ സംഘം  ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളില്‍  സംതൃപ്തി രേഖപ്പെടുത്തി.കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ക്കൂടി പരിശോധനകള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും, ഇതിനായി ആവശ്യപ്പെടുമെന്നും കെ കെ ശൈലജ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത