ദേശീയം

കൊറോണ: അയോധ്യയിലെ രാമ നവമി ആഘോഷം റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാജ്യമാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാമ നവമി ആഘോഷം മാറ്റി. അയോധ്യവിധിയക്ക് ശേഷമുള്ള ആദ്യത്തെ രാമനവമിയായതിനാല്‍ വലിയ ആഘോഷങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വൈറസ് വ്യാപനവേളയില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് അപകടകരമാണെന്നതിനാലാണ് പരിപാടി റദ്ദാക്കിയത്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2വരെയാണ് രാമ നവമി ആഘോഷം. പത്തുലക്ഷം പേര്‍ ആഘോഷത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്. വലിയ ആള്‍ക്കൂട്ടം ചേരുമ്പോഴുണ്ടാകുന്ന അപകട സാധ്യതയെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക അറിയിച്ചിട്ടും പരിപാടി മാറ്റിവയ്ക്കാനാവില്ലെന്നായിരുന്നു സംഘാടകര്‍ ആദ്യം വ്യക്തമാക്കിയത്. പരിപാടി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കൊറോണയുടെ ഭീതി നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ പരിപാടി നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വൈറസിനെ ഭയന്ന് പരിപാടി വേണ്ടെന്ന് വെച്ചാല്‍ അത് ഹിന്ദുക്കളുടെ ശത്രുതയ്ക്ക് ഇടയാക്കിയേക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒരു ആപത്തും വരാതെ ശ്രീ രാമന്‍ നോക്കികൊള്ളുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടിരുന്നു.പൊതുപരിപാടികള്‍ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരിപാടി മാറ്റാനുള്ള സംഘാടകരുടെ തീരുമാനം

അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 200 കടന്നു. ഇതുവരെ 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ലഖ്‌നൗവില്‍ നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കും പഞ്ചാബില്‍ ഒരാള്‍ക്കും കോവിഡ് സ്ഥീരികരിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചാബില്‍ ബ്രിട്ടനില്‍ നിന്നെത്തിയ 89 വയസ്സുകാരിക്കാണ് കോവിഡ് സ്ഥീരികരിച്ചത്. 

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണം 16 ആയി. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അടച്ചു. വിദേശത്തുള്ള രണ്ട് മലയാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം