ദേശീയം

"ജഡ്ജിമാരെ കാശ് നൽകി സ്വാധീനിക്കുന്നു; ചിലരുടെ ആ​ഗ്രഹമനുസരിച്ച് വിധി പറഞ്ഞില്ലെങ്കിൽ അപകീർത്തിപ്പെടുത്തും"; ആരോപണവുമായി ​ഗൊ​ഗോയ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ചില ലോബികളുടെ ആ​​ഗ്രഹത്തിനനുസരിച്ച്‌ വിധി പറഞ്ഞില്ലെങ്കിൽ  ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന അവസ്ഥയാണെന്ന ആരോപണവുമായി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭയിലെ ഏറ്റവും പുതിയ അംഗവുമായ രഞ്ജന്‍ ഗൊഗോയ്. അര ഡസന്‍ ആളുകളുടെ വിചിത്ര സ്വാധീനത്തെ തകര്‍ക്കല്‍ കൂടിയാണ് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ എംപിയായി അദ്ദേഹത്തെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. 

"ജഡ്ജിമാരെ കാശ് കൊടുത്ത് ചിലര്‍ അവരുടെ വശത്താക്കുകയാണ്. അവരുദ്ദേശിക്കുന്ന രീതിയിലല്ല കേസിലെ വിധി നടപ്പാവുന്നതെങ്കില്‍ തങ്ങളെക്കൊണ്ടു കഴിയുന്ന രീതിയിലെല്ലാം അവര്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തും. ഇതിലൊന്നും ഇടപെടാതെ സമാധാനത്തോടെ വിരമിക്കാനാഗ്രഹിക്കുന്ന ജഡ്ജിമാരുടെ നിലവിലെ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. ഈ അര ഡസന്‍ ആളുകള്‍ എന്ത് പറയുമെന്ന് ഭയപ്പെട്ട് ഒരു ജഡ്ജി അവരുടെ കേസില്‍ വിധി പറയുകയാണെങ്കില്‍ അദ്ദേഹം തന്റെ പ്രതിജ്ഞയോട് സത്യസന്ധത പുലര്‍ത്തുന്നില്ല എന്ന് പറയേണ്ടി വരും"- ​ഗൊ​ഗോയ് പറഞ്ഞു.  

"2018 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരേ ഞാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ ആ ലോബിയുടെ പ്രിയപ്പെട്ടവനായിരുന്നു ഞാൻ. പക്ഷെ അവരുടെ ഇംഗിതത്തിന് അനുസരിച്ച് ഞാന്‍ കേസ് തീര്‍പ്പാക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. കോടതിക്ക് പുറത്തുള്ളവരുടെ താത്പര്യത്തിന് ഞാന്‍ വഴങ്ങിയില്ല. എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നതനുസരിച്ചാണ് വിധി പറഞ്ഞത്. അങ്ങനെയല്ലെങ്കില്‍ ഞാന്‍ ഒരു ശരിയായ ജഡ്ജിയായിരിക്കില്ല"- ​ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.

"എന്റെ ഭാര്യയൊഴികെ മറ്റൊളുടെയും അഭിപ്രായം എന്നെ ഭയപ്പെടുത്തിയിട്ടില്ല, ഇനിയൊട്ട് ഭയപ്പെടുത്തുകയുമില്ല. മറ്റുള്ളവര്‍ക്ക് എന്നെ കുറിച്ചുള്ള അഭിപ്രായം എനിക്കൊരു പ്രശ്‌നമേയല്ല. അവരുടെ പ്രശ്‌നം അവരാണ് പരിഹരിക്കേണ്ടത്. അയോധ്യ, റാഫേല്‍ വിധികൾ ഒറ്റയ്ക്കല്ല എടുത്തത്. ആ രണ്ട് വിധികളും പുറപ്പെടുവിച്ച എല്ലാ ജഡ്ജിമാരുടെയും ധാര്‍മ്മികതയെയല്ലെ അവര്‍ ചോദ്യം ചെയ്യുന്നത്"- രഞ്ജന്‍ ഗോഗോയ് ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്