ദേശീയം

രാജ്യം കാത്തിരുന്ന നീതി നടപ്പായി; നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക്കേസില്‍ പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെ തൂക്കിലേറ്റി. രാവിലെ 5:30ന് തീഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. 2013ഫെബ്രുവരി 13നായിരുന്നു തീഹാര്‍ ജയിലില്‍ ഇതിന് മുന്‍പ് വധശിക്ഷ നടപ്പാക്കിയത്. നാലുപേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്.  ആരാച്ചാര്‍ പവന്‍ കുമാറാണ് ഇവരെ തൂക്കിലേറ്റിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും ആത്യന്തിക വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. 

വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യമുണ്ടായി. നിയമനടപടികളിലൂടെ പരമാവധി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യമായിരുന്നു പ്രതികള്‍ സൃഷ്ടിച്ചത്. 

2012 ഡിസംബര്‍ 16ന് രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗം നടന്നത്.  സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പെണ്‍കുട്ടിയെ ഓടുന്ന ബസില്‍ പീഡനത്തിനിരയാക്കിയതിന് ശേഷം ഇരുവരെയും റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബര്‍ 29 ന് മരണപ്പെട്ടു.

തന്നെ ഉപദ്രവിച്ചവര്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന നിര്‍ഭയയുടെ അവസാനത്തെ ആഗ്രഹമാണ് ഏഴുവര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ നടപ്പിലാകുന്നത്. 

ശിക്ഷ നടപ്പിലാക്കുന്നത് തടയാന്‍ അര്‍ധരാത്രിയില്‍ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകര്‍ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞിരുന്നു. നാലുമണിയോടെ പ്രതികളെ ഉണര്‍ത്തി സുപ്രീം കോടതി ഹര്‍ജി തള്ളയ വിവരം അറിയിച്ചു. തങ്ങളുടെ കുടുംബാംഗങ്ങളെ ഒരിക്കല്‍ കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവരുടെ ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂര്‍ത്തിയാക്കി.  ഇതോടെ പുലര്‍ച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റി. വിധി നടപ്പാക്കുമ്പോള്‍ സുപ്രീം കോടതിയുടെ സമീപത്ത് നിര്‍ഭയയുടെ അമ്മ ആശാ ദേവിയും ഭര്‍ത്താവും ഉണ്ടായിരുന്നു. 

വ്യാഴാഴ്ച രാവിലെ പ്രതികള്‍ക്ക് വേണ്ടി ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കാന്‍ അഭിഭാഷകര്‍ വിചാരണ കോടതിയെ സമീപിച്ചു. എന്നാല്‍ മരണ വാറണ്ട് റദ്ദാക്കില്ലെന്ന് കോടതി നിലപാടെടുത്തു. തുടര്‍ന്ന് ഒമ്പതുമണിയോടെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. എന്നാല്‍ ഹര്‍ജി കോടതി തള്ളി. ഇതിന് പിന്നാലെ സുപ്രീം കോടതിയെ അഭിഭാഷകര്‍ സമീപിച്ചു.  അര്‍ധരാത്രി കോടതിമുറി തുറന്ന് പ്രതികള്‍ക്ക് വേണ്ടി പരമോന്നത നീതി പീഠം വീണ്ടും വാദം കേട്ടു. ഇതിനെല്ലാമൊടുവിലാണ് രാജ്യം കാത്തിരുന്ന വിധി നടപ്പിലായത്. 

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് തിഹാര്‍ ജയിലിന് പുറത്ത് കൂട്ടംകൂടിയിരിക്കുന്നത്. ഇവരില്‍ പലരും നിര്‍ഭയയ്ക്ക് നീതി തേടി 2012ല്‍ നടന്ന സമരത്തില്‍ പങ്കെടുത്തവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)