ദേശീയം

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ : കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യ . ഇതിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം സമ്പൂര്‍ണമായി അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജനങ്ങള്‍ 21 ദിവസം വീടിനുള്ളില്‍ തന്നെ തങ്ങി, മഹാമാരിയുടെ വ്യാപനം തടയാന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്:


ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ഓഫീസുകളും അടച്ചിടും. (പ്രതിരോധം, പൊലീസ് സേന, ഇന്ധനവിതരണം, ദുരന്തനിവാരണം, ഊര്‍ജം, തപാല്‍വിവര വിതരണം, മുന്നറിയിപ്പ് ഏജന്‍സികള്‍ എന്നിവയ്ക്ക് ഇതു ബാധകമല്ല)

സംസ്ഥാനകേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടണം. (പൊലീസ്, ഹോംഗാര്‍ഡ്, പ്രാദേശിക സേന, അഗ്‌നിശമന സേന, ജയില്‍, ദുരന്തനിവാരണ സേന, ജില്ലാഭരണകൂടം, ട്രഷറി, ശുചീകരണം, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ബാധകമല്ല. നഗരസഭകളില്‍ ശുചീകരണം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവര്‍ മാത്രം മതി)

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനും സഞ്ചരിക്കാനുമുള്ള അധികാരമുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും ഉപകരണ വിതരണക്കാര്‍ക്കും ലബോറട്ടറികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും ആംബുലന്‍സിനും നിരോധനം ബാധകമല്ല.

എല്ലാ വ്യാപാരവാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം (റേഷന്‍ കടകള്‍, പച്ചക്കറി വില്‍പ്പനക്കാര്‍, പാല്‍ പാലുത്പന്ന വിതരണക്കാര്‍, ഇറച്ചി-മീന്‍ വില്‍പ്പനക്കാര്‍ എന്നിവര്‍ക്ക് ബാധകമല്ല. അതേസമയം ജനസഞ്ചാരം നിയന്ത്രിക്കാന്‍ ഇവ വീടുകളില്‍ എത്തിക്കുന്നത് അധികൃതര്‍ പരിഗണിക്കണം. )

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, എ.ടി.എം. എന്നിവയ്ക്ക് അടച്ചിടല്‍ ബാധകമല്ല.

അച്ചടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് എന്നിവയ്ക്കും ലോക്ക് ഡൗണില്‍ ഇളവുണ്ട്. ഇവയ്ക്ക് പതിവുപോലെ പ്രവര്‍ത്തിക്കാം.

ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റിങ്, കേബിള്‍ ടി.വി., ഐ.ടി. മേഖലകള്‍ കഴിയുന്നതും വീട്ടില്‍നിന്ന് പ്രവര്‍ത്തിക്കുന്ന (വര്‍ക്ക് അറ്റ് ഹോം) രീതിയിലാക്കണം.

ആരാധനാലയങ്ങളെല്ലാം അടച്ചിടണം. മതപരമായ സമ്മേളനങ്ങളൊന്നും അനുവദിക്കില്ല.

പെട്രോളിയം ഉത്പന്നങ്ങള്‍, പാചക വാതകം, സംഭരണ ശാലകള്‍, ഊര്‍ജ വിഭവം, മൂലധനകട വിപണികള്‍, ശീതീകരണ കേന്ദ്രങ്ങള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

അവശ്യസാധന നിര്‍മാതാക്കളൊഴികെയുള്ള വ്യവസായ സ്ഥാപനങ്ങളെല്ലാം അടച്ചിടണം. തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള ഉത്പാദനകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം.

അഗ്‌നിരക്ഷാസേന, ക്രമസമാധാനം, ആംബുലന്‍സ് സേവനം ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തില്‍ പ്രവേശിക്കരുത്.

സേവനമേഖല അടച്ചിടണം. അടച്ചിടല്‍ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍, ലോഡ്ജുകള്‍, മോട്ടലുകള്‍ എന്നിവയ്ക്കും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കും അടിയന്തര വൈദ്യശാസ്ത്രം ആവശ്യമുള്ള സന്ദര്‍ഭത്തിലും ബാധകമല്ല.

എല്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും അടച്ചിടണം. എല്ലാവിധ പൊതുപരിപാടികള്‍ക്കും നിരോധനം.രാഷ്ട്രീയ, കായിക, വിനോദ, അക്കാദമി, സാംസ്‌കാരിക, ചടങ്ങുകള്‍ക്കും കൂടിച്ചേരലുകള്‍ക്കും വിലക്ക്.

മരണാനന്തര ചടങ്ങുകള്‍ക്ക് 25ലധികം ആളുകള്‍ കൂടാന്‍ പാടില്ല.

ഫെബ്രുവരി 15നു ശേഷം ഇന്ത്യയിലേക്ക് വന്നവരും ആരോഗ്യവകുപ്പ് കര്‍ശനമായി വീട്ടിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തിലാക്കിയവരും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാലത്തോളം നിര്‍ബന്ധമായും നിരീക്ഷണത്തില്‍ത്തന്നെ കഴിയണം. അല്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പുപ്രകാരം ശിക്ഷ.

മേല്‍നിര്‍ദേശങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് നല്‍കുമ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന തരത്തിലുള്ള മുന്‍കരുതലുകള്‍ തൊഴിലുടമയും സംഘടനകളും കൈക്കൊള്ളണം.

ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കും. അവരുടെ പരിധിക്കുള്ളില്‍ ഉത്തരവ് നടപ്പാക്കാനുള്ള ചുമതല എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാര്‍ക്കാണ്. അവരുടെ കീഴിലായിരിക്കും സര്‍ക്കാരിന്റെ മറ്റെല്ലാ വകുപ്പുകളും പ്രവര്‍ത്തിക്കുക. അത്യാവശ്യമായി വരുന്ന യാത്രകള്‍ക്ക് പാസുകള്‍ അനുവദിക്കും.

തൊഴിലാളികളെ സംഘടിപ്പിച്ച്, സാമഗ്രികള്‍ എത്തിച്ച് ആശുപത്രികളില്‍ അടിസ്ഥാനസംവിധാനങ്ങള്‍ കൂട്ടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കും.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ 2005ലെ ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകളനുസരിച്ച് ശിക്ഷാര്‍ഹരായിരിക്കും. പുറമേ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പനുസരിച്ചുള്ള ശിക്ഷയും ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത