ദേശീയം

ആശ്വാസ കണക്കുകളുമായി കേന്ദ്രസര്‍ക്കാര്‍; കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ തോത് കുറയുന്നു, രോഗമുക്തി നേടുന്നവരുടെ എണ്ണം 42 ശതമാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ തോത് കുറയുന്നതായി കേന്ദ്രസര്‍ക്കാര്‍. ലോകത്ത് തന്നെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ തോത് ഏറ്റവും കുറവുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ മരിക്കുന്നവരുടെ തോത് 3.3 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായാണ് താഴ്ന്നത്.

കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം നല്‍കുന്നു. ഇതുവരെ 60,490 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരില്‍ 41.61 ശതമാനം വരുമെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,535 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍  146 പേര്‍ മരിച്ചതായും ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു
നിലവില്‍ 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി