ദേശീയം

വ്യാജ രജിസ്ട്രേഷനിലുള്ള കാറിൽ 20 കിലോ സ്ഫോടക വസ്തു; പുൽവാമയിൽ ചാവേറാക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. 20 കിലോയിലധികം സ്‌ഫോടക വസ്തു (ഐഇഡി) നിറച്ച കാര്‍ സുരക്ഷാ സേന തടഞ്ഞു നിര്‍ത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. സ്‌ഫോടക വസ്തു സുരക്ഷാ സേന നിര്‍വീര്യമാക്കി. കഴിഞ്ഞ വര്‍ഷം പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തിന് സമാനമായ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു.

'കാര്‍ നിര്‍ത്താതിരുന്നതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിനുള്ളില്‍ നിന്ന് 20 കിലോയിലധികം വരുന്ന ഐഇഡി കണ്ടെടുത്തു. ആക്രമണ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നു. ഇന്നലെ മുതല്‍ ഐഇഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തിവരികയായിരുന്നു'- ഐജി വിജയ് കുമാര്‍ പറഞ്ഞു.

കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്ത ഐഇഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സൈന്യവും പൊലീസും അര്‍ധ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് ആക്രമണം തടയാനായതെന്നും ഐജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പുല്‍വാമയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40ഓളം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ