ദേശീയം

ചൈനീസ് കടന്നുകയറ്റം; ദോക്‌ലാം പ്രതിസന്ധിയുടേത് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ നീക്കി പ്രതിരോധ മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള 2017 മുതലുള്ള എല്ലാ പ്രതിമാസ റിപ്പോര്‍ട്ടുകളും കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് ജൂണിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കിയിരിക്കുന്നത്. 

2017-ലെ ദോക്ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിരോധമന്ത്രാലയം വെബ്സൈറ്റില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രാലയം തയാറായിട്ടില്ല. ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്സൈറ്റില്‍ തിരികെയെത്തുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായ റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചൈനീസ് കടന്നുകയറ്റം വിവാദമായതിനു പിന്നാലെ ഇതേക്കുറിച്ചു പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോര്‍ട്ട് ഓഗസ്റ്റില്‍ നീക്കം ചെയ്തിരുന്നു. 'യഥാര്‍ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാല്‍വന്‍ താഴ്വരയിലും മേയ് 5 മുതല്‍ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്' എന്നായിരുന്നു ജൂണിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവയ്ക്ക് വിരുദ്ധമായിരുന്നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. 

മേയ് 17, 18 തീയതികളില്‍ കുഗ്രാങ് നല, ഗോഗ്ര, പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

ചൈനീസ് സേനയുടെ കടന്നുകയറ്റം പ്രതിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ നീക്കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത