ദേശീയം

ഭർതൃ മാതാവിനെ നടുറോഡിലിട്ട് പൊതിരെ തല്ലി മരുമകളും അവരുടെ അമ്മയും; വീഡിയോ വൈറൽ; കേസ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: നടുറോഡിലിട്ട് ഭർതൃ മാതാവിനെ മരുമകളും അവരുടെ അമ്മയും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതിന്റെ പിന്നാലെ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂൺ നഗർ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവർക്കെതിരേയാണ് ഹുമയൂൺ നഗർ പൊലീസ് കേസെടുത്തത്.

ഇരുവരും ചേർന്ന് ഉസ്മയുടെ ഭർതൃ മാതാവ് തസ്നീം സുൽത്താനയെ മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാർത്തയായതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 55-കാരിയായ തസ്നീം സുൽത്താനയെ മരുമകളായ ഉസ്മ ബീഗം വലിച്ചിഴച്ച് തെരുവിലേക്കിറക്കുകയായിരുന്നു. തുടർന്ന് ഇവരെ ക്രൂരമായി മർദിച്ചു. ഉസ്മയുടെ മാതാവ് ആസിഫ ബീഗവും മകൾക്കൊപ്പം ചേർന്ന് 55-കാരിയെ ആക്രമിച്ചു. സംഭവം നടക്കുമ്പോൾ ഒരു ചെറിയ കുട്ടി മാത്രമാണ് സമീപത്തുണ്ടായിരുന്നത്. ഈ കുട്ടി മൊബൈൽ ഫോണിൽ മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിലുണ്ട്.

ഉസ്മയും ഭർതൃ മാതാവും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തസ്നീമിന്റെ മകൻ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാൻ സൗദിയിലേക്ക് മടങ്ങി. ഇതിനു ശേഷം ഉസ്മയും ഭർതൃ മാതാവും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേച്ചൊല്ലി നേരത്തെ രണ്ട് പേരും പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം മരുമകൾ താമസിക്കുന്ന വീടിന്റെ മുകൾ നിലയിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ തസ്നീം വിച്ഛേദിച്ചു. ഇതാണ് അക്രമത്തിൽ കലാശിച്ചത്. വിവാഹം കഴിഞ്ഞത് മുതൽ ഭർതൃ മാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. സൗദിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാനോ ഭർത്താവുമായി ഫോണിൽ സംസാരിക്കാനോ ഇവർ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉടൻ തന്നെ തുടർ നടപടികൾ സ്വീകരിക്കുമെന്നും ഹുമയൂൺ നഗർ ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി