ദേശീയം

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു; മുന്‍ നാവിക സേന ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് ശിവസേന പ്രവര്‍ത്തകര്‍; അറസ്റ്റ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുവെന്ന കാരണം പറഞ്ഞ് വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനെ ശിവസേന പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. മുംബൈയിലെ ഈസ്റ്റ് കന്ദിവാലിയിലെ വീടിനു സമീപത്തുവച്ച് ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി 65കാരനായ മദന്‍ ശര്‍മ പരാതി നല്‍കി. ശര്‍മയുടെ കണ്ണിനും മുഖത്തും പരുക്കേറ്റ നിലയിലാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാര്‍ട്ടൂണ്‍ താന്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നതായി ശര്‍മ പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാള്‍ പേരും മേല്‍വിലാസവും അന്വേഷിച്ച് വിളിച്ചു. ഉച്ചയ്ക്കു ശേഷം വീടിനു പുറത്തേക്ക് തന്നെ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 

മാസ്‌ക് ധരിച്ച ഒരു കൂട്ടമാളുകള്‍ ശര്‍മയെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ ഗേറ്റ് തുറന്നു ശര്‍മ പുറത്തേക്കു പോകുന്നതും പിന്നാലെ കുറച്ചുപേര്‍ ഇയാളെ ഇവിടേക്ക് ഓടിച്ചു കയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും മുഖത്തേക്ക് ഇടിക്കുകയും ചെയ്യുന്നുണ്ട്. കമലേഷ് കദം അടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റില്‍ താന്‍ തൃപ്തനല്ലെന്നും മഹാരാഷ്ട്ര സംസ്ഥാനത്ത് സുരക്ഷിതമായി കഴിയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലെന്നും മദന്‍ ശര്‍മയുടെ മകന്‍ ആരോപിച്ചു. ഇപ്പോഴത്തെ മന്ത്രിസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും മകന്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സര്‍ക്കാരിനെ വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് മദന്‍ ശര്‍മയുടെ മകള്‍ ഷീല ശര്‍മയും ആരോപണവുമായി രംഗത്തെത്തി.

സംഭവത്തില്‍ ബിജെപി വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കള്‍ മര്‍ദനമേറ്റ മദന്‍ ശര്‍മയുടെ ഫോട്ടോ ഷെയര്‍ ചെയ്തു. തികച്ചും ദുഃഖകരവും നടുക്കുന്നതുമായ സംഭവമാണ് നടന്നതെന്ന് ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു. വിരമിച്ച നാവിക ഉദ്യോഗസ്ഥന്‍ വെറുമൊരു വാട്‌സാപ് സന്ദേശത്തിന്റെപേരില്‍ തല്ലിച്ചതയ്ക്കപ്പെട്ടു. ഉദ്ധവ് താക്കറെ ഗുണ്ടാരാജ് അവസാനിപ്പിക്കണം. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കകയും ശിക്ഷിക്കപ്പെടുകയും വേണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ