ദേശീയം

സമ്പദ് ഘടനയുടെ പുനരുജ്ജീവനം, കൂടുതൽ തൊഴിൽ അവസരങ്ങൾ; വീണ്ടും ഉത്തേജന പാക്കേജുമായി കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് ഘടന പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വിപണിയിൽ ആവശ്യകത വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടുമാണ് കേന്ദ്രത്തിന്റെ നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏപ്രിൽ- ജൂൺ പാദത്തിൽ എക്കാലത്തെയും തളർച്ചയിലായ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ് മൂന്നാം സാമ്പത്തിക പാക്കേജിന്റെ ലക്ഷ്യം. 

ഉത്സവ സീസൺ മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കം. ഒക്ടോബർ മൂന്നാം വാരം മുതലാണ് ഉത്സവ സീസൺ. ദസറ, ദുർഗ പൂജയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഉത്സവകാലം ആരംഭിക്കുന്നത്. അതിന് മുന്നോടിയായി പ്രഖ്യാപനമുണ്ടായേക്കും. വാഹനം, കൺസ്യൂമർ അപ്ലയൻസസ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് അതുകൊണ്ടുതന്നെ ഒക്ടോബർ- ഡിസംബർ പാദം നിർണായകമാണ്. 

മുമ്പ് പ്രഖ്യാപിച്ച പിഎം ഗരീബ് കല്യാൺ യോജന, ആത്മനിർഭർ ഭാരത് എന്നീ രണ്ട് പാക്കേജുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിട്ട് ധന വിഹിതം പൊതുവിപണിയിലെത്തിക്കുന്ന പദ്ധതികൾക്കാകും മൂന്നാം ഘട്ടത്തിൽ മുൻഗണന നൽകുക. 35,000 കോടിയുടെ നഗര തൊഴിൽ പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ 25-ഓളം വൻകിട പദ്ധതികളും പാക്കേജിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ, കാർഷിക വികസന പദ്ധതികൾ, സൗജന്യ ഭക്ഷണ വിതരണം, പണം കൈമാറ്റം എന്നിവയും പദ്ധതിയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.

അടിസ്ഥാന സൗകര്യ മേഖലയിൽ വൻ വികസനത്തിന് സാധ്യതയുള്ള ദേശീയ ഇൻഫ്രസ്‌ട്രെക്ചർ പൈപ്പ്‌ലൈൻ ഉൾപ്പടെയുള്ളവ സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതി വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ വർഷം തന്നെ പണം വിപണിയിലെത്തിക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് പ്രാമുഖ്യം നൽകുക. കുറഞ്ഞ സമയ പരിധിക്കുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിയും. 

കോവിഡ് വാക്‌സിൻ വിപണിയിലെത്തുമ്പോഴെയ്ക്കും ഒരു ഉത്തേജന പാക്കേജു കൂടി പ്രഖ്യാപിക്കുന്നത് സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ സഹായിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടകൻ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമ്പദ് ഘടനയുടെ പുനരുജ്ജീവനം, തൊഴിലവസരങ്ങൾ സ‌ൃഷ്ടിക്കൽ എന്നിവയാണ് മൂന്നാം പാക്കേജിലൂടെ സർക്കാർ മുന്നിൽ കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു