ദേശീയം

നയാപ്പൈസയില്ല, ജീവിതം ഭാര്യയുടെ ചെലവില്‍, മകന്റെ പക്കല്‍നിന്നുവരെ കടം വാങ്ങേണ്ട സ്ഥിതി; അനില്‍ അംബാനി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിലയന്‍സ് മേധാവി അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍. കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നെന്നും അനില്‍ പറഞ്ഞു. 

വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍, വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിക്കൊണ്ടാണ് അനില്‍ അംബാനി 'ദുരവസ്ഥ' വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കെടതി അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളി.

നിലവില്‍ തന്റെ ജീവിതച്ചെലവെല്ലാം നിര്‍വഹിക്കുന്നത് ഭാര്യയാണെന്ന് അനില്‍ അംബാനി പറഞ്ഞു. മകനില്‍നിന്നു വരെ പണം കടം വാങ്ങിയിട്ടുണ്ട്. 

2012ല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് നല്‍കിയ 900 ദശലക്ഷം ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് വാദം. അനില്‍ അംബാനി വ്യക്തിപരമായ ഈടുനിന്ന വായ്പയില്‍ 717 ദശലക്ഷം ഡോളര്‍ തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ഈ തുക തിരിച്ചുനല്‍കാന്‍ നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതു നടപ്പാവാത്ത സാഹചര്യത്തിലാണ് കോടതി അനിലില്‍നിന്നു സ്വത്ത്, ബാധ്യതാ വിവരങ്ങള്‍ ആരാഞ്ഞത്.

താന്‍ ഇപ്പോള്‍ ഒരു വരുമാനവുമില്ലാത്ത അവസ്ഥയിലാണെന്ന അനിലിന്റെ വാദത്തെ ബാങ്കുകളുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. അത്യാഢംബര ജീവിതമാണ് അനില്‍ നയിക്കുന്നതെന്നും സഹോദരന്‍ മുകേഷ് സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് അനില്‍ അംബാനി വാദിച്ചു. ''ഞാന്‍ 61 വയസായ ഒരാളാണ്. വളരെ അച്ചടക്കത്തോടെയുള്ള ജീവിതമാണ്. മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യില്ല. ഞാന്‍ ആഢംബര ജീവിതം നയിക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്''- അനില്‍ പറഞ്ഞു.

2018 ഒക്ടോബറില്‍ അമ്മയില്‍നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനില്‍ പറഞ്ഞു. വായ്പയുടെ വ്യവസ്ഥകള്‍ എന്തൊക്കെയെന്ന ചോദ്യത്തിന് വ്യക്തമായി അറിയില്ലെന്നായിരുന്നു അനിലിന്റെ മറുപടി. മകന്‍ അന്‍മോലില്‍നിന്നും കോടികള്‍ കടം വാങ്ങിയിട്ടുണ്ടെന്ന് അനില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ