ദേശീയം

'എനിക്ക് കോവിഡ് വന്നാല്‍ ഞാന്‍ മമതയെ കെട്ടിപ്പിടിക്കും'; കൊറോണയെക്കാള്‍ വലിയ ശത്രുവെന്ന് ബിജെപി ദേശീയ സെക്രട്ടറി,വിവാദം

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്ര. കോവിഡ് ബാധിതരുടെ കുടുബങ്ങളുടെ അവസ്ഥ മുഖ്യമന്ത്രിക്ക് മനസ്സിലാക്കി കൊടുക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നത് എന്ന് ബിജെപി നേതാവ് പറഞ്ഞു. 

അനുപത്തിന്റെ വിവാദ പരാമര്‍ശത്തിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. 

' കൊറോണയെക്കാള്‍ വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവര്‍ത്തകര്‍ പോരാടുന്നത്. അവര്‍ മമത ബാനര്‍ജിക്ക് എതിരെ പോരാടുകയാണ്. മമത ബാനര്‍ജിക്ക് എതിരെ പോരാടുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ഇല്ലാതെ കോവിഡ് 19ന് എതിരെ പോരാടാന്‍ സാധിക്കുമെന്നും കരുതുന്നു'- അനുപം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഹസ്ര, കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. 

'കോവിഡ് ബാധിച്ച് മരിച്ചവരെ മമത ബാനര്‍ജി കൈകാര്യം ചെയ്യുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവരുടെ മൃതദേഹങ്ങള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളെപ്പോലും അവരെ കാണാന്‍ അനുവദിക്കുന്നില്ല. പട്ടിയോ പൂച്ചയോ മരിച്ചാല്‍പ്പോലും നമ്മള്‍ ഇങ്ങനെ പെരുമാറില്ല'-ഹസ്ര പറഞ്ഞു. 

ഹസ്രയുടെ വാക്കുകള്‍ക്ക് എതിരെ ശക്തമായ ഭാഷയിലാണ് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചത്. ഇത്തരത്തിലുള്ള വാക്കുകള്‍ ഒരു ബിജെപി നേതാവിന്റെ ഭാഗത്ത് നിന്ന് മാത്രമേ വരുള്ളുവെന്ന് മുതിര്‍ന്ന തൃണമൂല്‍ നോതാവ് സൗഗതോ റോയ് പറഞ്ഞു. ഇത് ബിജെപിക്കാരുടെ മാനസ്സികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ തന്റെ വാക്കുകളെ ന്യായീകരിച്ച് ഹസ്ര രംഗത്തെത്തി. മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ഹസ്രയുടെ പ്രതികരണം. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വം ഹസ്രയുടെ വാക്കുകളെ തള്ളിക്കളഞ്ഞു. ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും ഇത്തരത്തുലുള്ള പ്രവണത പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍