ദേശീയം

കാണാതായ കമാന്‍ഡോ കസ്റ്റഡിയിലുണ്ടെന്ന് മാവോയിസ്റ്റുകള്‍; ചിത്രം പുറത്ത്, സന്ധി സംഭാഷണത്തിന് തയ്യാറെന്ന് കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായ സിആര്‍പിഎഫ് കമാന്‍ഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് മാവോയിസ്റ്റുകള്‍. ഏറ്റുമുട്ടല്‍ നടന്ന മൂന്നു ദിവസം പിന്നിടുമ്പോഴാണ് ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജവാനെ കണ്ടെത്താനായുള്ള ശ്രമം തുടര്‍ന്നുവരവെയാണ് വെളിപ്പെടുത്തല്‍. 

കാമന്‍ഡോയെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ അതിനുമുന്‍പ് സന്ധി സംഭാഷണത്തിന് ഒരാളെ നിയമിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു. സന്ധി സംഭാഷണത്തിന് സര്‍ക്കാര്‍ ആളെ നിയോഗിക്കുന്നതുവരെ ജവാന്‍ തങ്ങളുടെ കസ്റ്റഡിയില്‍ സുരക്ഷിതനായിരിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു.

സിപിഐ മാവോയിസ്റ്റ് ദന്തകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെതാണ് പ്രതികരണം. സിആര്‍പിഎഫ് കോബ്ര കമാന്‍ഡോ രാകേഷ് സിങ് മന്‍ഹാസാണ് മാവോയിസ്റ്റുകളുടെ പിടിയിലുള്ളത്. 

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ രാകേഷ് സിങിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ ഭരണകൂടം സത്യസന്ധമായല്ല പെരുമാറുന്നത് എന്നും രണ്ടുപേജുള്ള ഹിന്ദിയിലെഴുതിയ കത്തില്‍ മാവോയിസ്റ്റുകള്‍ പറയുന്നു. ഈ കത്തിന്റെ ആധികാരിത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

ഏറ്റുമുട്ടലില്‍ 12ല്‍ക്കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 16പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നുമാണ് സിആര്‍പിഎഫ് വിലയിരുത്തല്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി