ദേശീയം

ബംഗാളില്‍ താമര വിരിയില്ല, മമത തന്നെ; തമിഴ്‌നാട്ടില്‍ ഡിഎംകെ, അസമില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 294 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 158 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ഭരണ തുടര്‍ച്ച ഉറപ്പാക്കുമെന്നാണ് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ശക്തമായ പോരാട്ടം കാഴ്ച വെച്ച ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം 115 സീറ്റുകള്‍ നേടി ശക്തമായ പ്രതിപക്ഷമായി മാറുമെന്നും സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടതുപാര്‍ട്ടികള്‍ അടങ്ങുന്ന വിശാല മുന്നണി 19 സീറ്റില്‍ ചുരുങ്ങുമെന്നാണ് പ്രവചനം.

എബിപി- സി വോട്ടര്‍ സര്‍വ്വേ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 152 മുതല്‍ 164 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിക്ക് 109 മുതല്‍ 121 വരെ സീറ്റുകള്‍ ലഭിക്കും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും അടങ്ങുന്ന വിശാല മുന്നണി 14 മുതല്‍ 25 സീറ്റുകള്‍ വരെ മാത്രമാണ് പിടിക്കുകയെന്നും സര്‍വ്വേ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്‍ഡിടിവി സര്‍വ്വേയും മമത സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കുമെന്നാണ് പ്രവചിക്കുന്നത്. 149 സീറ്റുകള്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ റിപ്പബ്ലിക്ക് സിഎന്‍എക്‌സ് ബിജെപിക്കാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിക്ക് 138 മുതല്‍ 148 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി 128 മുതല്‍ 138 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 11 മുതല്‍ 21 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. 

തമിഴ്‌നാട്ടില്‍ റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 170 സീറ്റാണ് പ്രവചിക്കുന്നത്. എന്‍ഡിടിവി പ്രവചനം അനുസരിച്ചും ഡിഎംകെയ്ക്ക് 170 സീറ്റുകള്‍ ലഭിക്കും. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. ആജ് തക്- ആക്‌സിസ് സര്‍വ്വേ പ്രകാരം 126 സീറ്റുകളില്‍ 75 മുതല്‍ 85 സീറ്റുകള്‍ വരെ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിക്ക് 61 മുതല്‍ 79 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്യുഡേ ചാണക്യയുടെ പ്രവചനം. 72ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് എന്‍ഡിടിവി പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ