ദേശീയം

'കണ്ണീർപൂക്കള്‍ !'; റാവത്തിനും മധുലികയ്ക്കും പ്രണാമമര്‍പ്പിച്ച് മക്കള്‍; വിതുമ്പലോടെ രാജ്യം; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മാതാപിതാക്കള്‍ക്ക് വിങ്ങുന്ന ഹൃദയത്തോടെ അന്ത്യാഞ്ജലി അര്‍പ്പിച്ച് പെണ്‍മക്കള്‍. രാവിലെ ഔദ്യോഗിക വസതിയില്‍ എത്തിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതികശരീരങ്ങളില്‍ മക്കളായ കൃതികയും താരുണിയും പൂക്കളര്‍പ്പിച്ച് പ്രണമിച്ചു. അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരുവരെയും ആശ്വസിപ്പിച്ച ശേഷമാണ് പോയത്. 

സന്തോഷത്തോടെ പുറപ്പെട്ടു, തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായി

ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടില്‍നിന്നു യാത്രതിരിച്ച മാതാപിതാക്കള്‍ ഒരുദിവസത്തിനുശേഷം, വ്യാഴാഴ്ച രാത്രി ചേതനയറ്റ ശരീരമായാണ് ഡല്‍ഹിയിലെത്തിയത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴും കൃതികയും താരുണിയും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ഇരുവരും മാതാപിതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ഒപ്പം വിതുമ്പി.

ബിപിൻ റാവത്തിന്റെ മക്കൾ വിമാനത്താവളത്തില്‍/ പിടിഐ

അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

ഇന്നു രാവിലെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധി പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

പ്രധാനമന്ത്രി മോദി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയപ്പോൾ/ എഎൻഐ

ഫ്രഞ്ച് സര്‍ക്കാരിന്റെ പ്രതിനിധി ഇമ്മാനുവല്‍ ലെന്യന്‍, ഇസ്രായേല്‍ പ്രതിനിധി നോര്‍ ഗിലോണ്‍ തുടങ്ങിയവരും ജനറല്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ജനറല്‍ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കുക. 

തുടര്‍ന്ന് സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ വിലാപയാത്രയായി മൃതദേഹങ്ങളെത്തിക്കും. ഇതിനുശേഷം പൂര്‍ണഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമര്‍പ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു