ദേശീയം

'എക്‌മോ'യുടെ സഹായത്തില്‍ ജീവന്‍ പിടിച്ചുനിര്‍ത്തി; ഇനി രക്ഷയില്ലെന്ന് വിധിയെഴുതി; 65 ദിവസത്തിനുശേഷം 12 കാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡിനെത്തുടര്‍ന്ന് ഗുരുതര ശ്വാസകോശ പ്രശ്‌നങ്ങള്‍ ബാധിച്ച് 65 ദിവസം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞ 12 കാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷൗര്യ എന്ന ബാലനാണ് അത്ഭുകരമായി രോഗമുക്തി നേടിയത്. ശ്വാസകോശങ്ങള്‍ മാറ്റിവെക്കേണ്ടി വരുമെന്ന ഡോക്ടര്‍മാരുടെ വിലയിരുത്തലിനെയും അമ്പരപ്പിച്ചായിരുന്നു കുട്ടിയുടെ രോഗമുക്തി. 

ഓഗസ്റ്റ് മാസത്തിലാണ് കുട്ടിക്ക് രോഗം ബാധിക്കുന്നത്. കോവിഡ് തിരിച്ചറിയാതെ, വൈറല്‍ ന്യൂമോണിയയാണെന്ന് ധരിച്ച് ചികിത്സ നടത്തി. ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയും കുട്ടിയുടെ നില അതീവ ഗുരുതരമാകുകയും ചെയ്തു. അതേത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവില്‍ നിന്നും ഹൈദരാബാദിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. 

ഇതിനിടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനമെല്ലാം നിലച്ച അവസ്ഥയിലായിരുന്നു. ഹൃദയവും ശ്വാസകോശവും ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാതായതോടെ, എക്‌മോ എന്ന ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. 65 ദിവസമാണ് 'എക്‌മോ' ഉപകരണത്തിന്റെ സഹായത്തോടെ കുട്ടി ജീവിച്ചത്. ഇത്രയധികം കാലം ഉപകരണത്തിന്റെ സഹായത്തോടെ ജീവിച്ചതിനാല്‍, ശ്വാസകോശങ്ങള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 

ശാരീരിക അവസ്ഥകള്‍ കൂടുതല്‍ സങ്കീര്‍ണമായതോടെ, രക്ഷപ്പെടുക പോലും അസാധ്യമാണെന്ന് മെഡിക്കൽ ടീം വിലയിരുത്തി. എന്നാല്‍ യാതൊരു ശസ്ത്രക്രിയയും നടത്താതെ തന്നെ 65 ദിവസത്തിന് ശേഷം ഡോക്ടര്‍മാരെ അമ്പരപ്പിച്ച് കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. 65 ദിവസത്തോളം കൃത്രിമോപകരണത്തിന്റെ സഹായത്തോടെ ജീവിച്ച കുട്ടി, വീണ്ടും സാധാരണ നിലയിലുള്ള ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യയില്‍ തന്നെ ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ക്രിസ്മസ് സമ്മാനമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ലഖ്‌നൗവിലെ അഭിഭാഷകനായ രാജീവ് സരണിന്റെയും റീനു ശ്രീവാസ്തവയുടേയും മകനാണ് ഷൗര്യ. മകനെയും തന്റെ ജീവിതത്തേയും മടക്കി തന്നതിന് ഹൈദരാബാദ് കിംസിലെ ഡോക്ടര്‍മാരോടും ആശുപത്രി ജീവനക്കാരോടും കടപ്പെട്ടിരിക്കുന്നതായി റീനു ശ്രീവാസ്തവ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു