ദേശീയം

കനയ്യ കുമാര്‍ എന്‍ഡിഎയിലേയ്ക്ക്? നിതീഷിന്റെ വിശ്വസ്തനെ കണ്ടു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: സിപിഐ ബന്ധം ഉപേക്ഷിച്ച് ബിഹാറിലെ യുവ നേതാവ് കനയ്യ കുമാര്‍ ജെഡിയുവിലേക്കെന്ന് അഭ്യൂഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ഞായറാഴ്ച ചൗധരിയുടെ പട്‌നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ സിപിഐ കേന്ദ്ര നിര്‍വാഹക കൗണ്‍സില്‍ അംഗമാണ്. എന്നാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ. കനയ്യയുടെ അനുയായികള്‍ സിപിഐ പട്‌ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യ കുമാറിന് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹം പുറത്തുവന്നത്.

മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും എംഎല്‍എമാരെയും അടര്‍ത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്ന നേതാവാണ് മന്ത്രി അശോക് ചൗധരി. അടുത്തിടെ ബിഎസ്പിയുടെ ഏക എംഎല്‍എയെയും ഒരു സ്വതന്ത്ര എംഎല്‍എയെയും ജെഡിയു പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തില്‍ മന്ത്രിമാരാക്കി. ചൗധരിയുടെ ഈ പശ്ചാത്തലവും അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെഡിയുവിന്റെ അച്ചടക്കമുള്ള നേതാവായി മാറാന്‍ തയ്യാറാണെങ്കില്‍ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെഡിയു വക്താവ് അജയ് അലോക് പറഞ്ഞു. അതേസമയം, കൂടിക്കാഴ്ചയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇരുവരുടെയും അടുത്തവൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം