ദേശീയം

'അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല'; കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് സംഭവിക്കുന്നത് വന്‍ ദുരന്തമാണ് എന്ന് അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു പരിഹാര മാര്‍ഗം നിയമങ്ങള്‍ പിന്‍വലിക്കലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ദുരവസ്ഥ വിവരിക്കുന്ന ബുക്ക്‌ലെറ്റും അദ്ദേഹം പുറത്തിറക്കി. 

മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ മോദിയേയോ മറ്റാരെയോ ഭയപ്പെടുന്നില്ല. ഞാന്‍ ശുദ്ധനായ വ്യക്തിയാണ്. അവര്‍ക്കെന്നെ തൊടാന്‍ സാധിക്കില്ല. അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുകയാണ്, അത് തുടരുകയും ചെയ്യും'- രാഹുല്‍ പറഞ്ഞു. 

ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എങ്ങനെയാണ് അര്‍ണബ് ഗോസ്വാമിക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങള്‍ അര്‍ണബിന് ചോര്‍ത്തി നല്‍കിയവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്ഥാനും ഈ വിവരങ്ങള്‍ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ കുറിച്ചും രാഹുല്‍ പരാമര്‍ശം നടത്തി. ലോകത്തെ ഏത് തരത്തില്‍ മാറ്റിയെടുക്കണമെന്ന് ചൈനയ്ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയ്ക്ക് ഇല്ലാത്തതും അതാണ്. അത് ചൈന പരീക്ഷിച്ചുകഴിഞ്ഞു, ഒന്ന് ദോക്‌ലാമിലും ഒന്ന് ലഡാക്കിലും. 

'സൈനിക,സാമ്പത്തിക,നയതന്ത്രപരമായി ഇന്ത്യ മറുപടി നല്‍കിയില്ലെങ്കില്‍ ചൈന മിണ്ടാതിരിക്കില്ല. ഒരുദിവസം അത് സംഭവിക്കും, നമുക്ക് നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരും'- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത