ദേശീയം

ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്; ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ ഇന്ന് ട്രാക്ടര്‍ റാലി നടത്തും. പൊലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന അതിര്‍ത്തികളെല്ലാം പൊലീസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിട്ടുണ്ട്. അതിനിടെ സിംഘുവില്‍ ഒരു വിഭാഗം കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്നു. ട്രാക്ടറുമായി ഡല്‍ഹയില്‍ പ്രവേശിച്ചു. നൂറ് കണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലേക്ക് എത്തുന്നത്. 

രാജ്പഥില്‍ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകശക്തി വിളിച്ചോതുന്ന ട്രാക്ടര്‍ റാലിക്ക് തുടക്കമാകും.തലസ്ഥാന നഗരിയെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ ഡല്‍ഹി ഔട്ടര്‍ റിംഗ് റോഡില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സിംഘു , തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് റാലി തുടങ്ങും.

ഡല്‍ഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. അയ്യായിരം ട്രാക്ടറുകള്‍ക്കാണ് റാലിയില്‍ പൊലീസ് അനുമതി എന്നാല്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ പ്രഖ്യാപനം.

റാലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പ്രവാഹമാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ കര്‍ഷക സംഘടനകളും പൊലീസും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പൊലീസുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ഷക സംഘടനകള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. സിഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി. ഡല്‍ഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ