ദേശീയം

ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം, നൂറ് മീറ്റര്‍ ഉയരത്തില്‍ ഡ്രോണുകള്‍ സ്‌ഫോടകവസ്തു വര്‍ഷിച്ചു; ജമ്മു ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ ജെയ്ഷ് ഇ മുഹമ്മദ്?

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു വിമാനത്താവളത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ചെന്ന് സംശയം. ഒന്നര കിലോ വീതം സ്‌ഫോടകവസ്തു ഡ്രോണുകള്‍ വര്‍ഷിച്ചു എന്നാണ് നിഗമനം. നൂറു മീറ്റര്‍ മാത്രം ഉയരത്തില്‍ നിന്നാണ് സ്‌ഫോടകവസ്തു ഇട്ടത്. ഇത് ഇന്ത്യയില്‍ നിന്ന് തന്നെ അയച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. ഭീകരസംഘടനയായ ജെയ്ഷ്  ഇ മുഹമ്മദ്
ആണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഇന്ന് ഔദ്യോഗികമായി എന്‍ഐഎക്ക് കൈമാറിയേക്കും.

ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഇന്നലൊണ്  ഭീകരാക്രമണം ഉണ്ടായത്. പുലര്‍ച്ചെ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വ്യോമസേനയുടെ ഒരു കെട്ടിടം തകര്‍ന്നു. ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനമെന്നും ഭീകരാക്രമണമെന്നും ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു. ജമ്മുവില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള മറ്റൊരു നീക്കം ജമ്മുകശ്മീര്‍ പൊലീസ് തകര്‍ത്തു.  

 ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു ആദ്യ സ്‌ഫോടനം. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായി. വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഏര്യയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടകവസ്തു വന്നു വീണത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. മറ്റൊരു സ്‌ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്. സ്‌ഫോടനത്തില്‍ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാര്‍ പറഞ്ഞു. ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചു എന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു. വ്യോമസേനയുടെ പട്രോളിംഗ് സംഘം ഡ്രോണ്‍ കണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എസ്ജി ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദപരിശോധന നടത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എന്‍ഐഎ സംഘവും അന്വേഷണം തുടങ്ങി. 

ജമ്മുകശ്മീര്‍ പോലീസ് യുഎപിഎ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജമ്മുവിനു പുറമെ പഠാന്‍കോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് സേനാ താവളത്തില്‍ നടത്തുന്ന ആദ്യ സ്‌ഫോടനമാണ് ജമ്മുവിലേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍