ദേശീയം

'അതേ നാണയത്തിൽ മറുപടി' ; വാക്‌സിന്‍ യാത്രാച്ചട്ടത്തില്‍ ബ്രിട്ടന് ഇന്ത്യയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്തു നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റീനില്‍ കഴിയണം എന്നതടക്കമുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് വിവേചനപരമാണ്. ബ്രിട്ടന്‍ യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. 

ബ്രിട്ടന്റെ പുതിയ തീരുമാനത്തില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ നേരിട്ട് അതൃപ്തി അറിയിച്ചതായും വിദേശകാര്യവകുപ്പ് സെക്രട്ടറി ഹര്‍ഷവര്‍ധന്‍ സിംഗ്ല പറഞ്ഞു. ബ്രിട്ടന്റെ നയം ഇന്ത്യന്‍ പൗരന്മാരായ യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിഷയത്തില്‍ ഉടന്‍ പ്രശ്‌നപരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇന്ത്യക്കും സമാന നടപടികള്‍ക്ക് അവകാശമുണ്ടെന്നും വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി. യാത്രാച്ചട്ടം മാറ്റിയില്ലെങ്കില്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് സമാനമായ രീതിയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തുക എന്നത് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ആസ്ട്ര സെനക്ക വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് ബ്രിട്ടന്റെ യാത്രാച്ചട്ടം വ്യക്തമാക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും ബ്രിട്ടനില്‍ എത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് വിധേയരാകണം.  യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണമെന്നും നിയമം അനുശാസിക്കുന്നു. ബ്രിട്ടന്റെ യാത്രാച്ചട്ടത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും ജയ്‌റാം രമേശും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു