ദേശീയം

പാകിസ്ഥാന്‍ 12 ഭീകര സംഘടനകളുടെ കേന്ദ്രം, അഞ്ചെണ്ണം ലക്ഷ്യമിടുന്നത് ഇന്ത്യയെ: യുഎസ് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പന്ത്രണ്ട് സംഘടനകളെങ്കിലും പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് സംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ച്, യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഉള്‍പ്പട്ട സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പാക് ഭീകര സംഘടനകളെ അക്കമിട്ടു പറയുന്നത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നവ, അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നവ, ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവ, പാകിസ്ഥാനില്‍ തന്നെ പ്രവര്‍ത്തിക്കുന്നവ, വംശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ തിരിക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലഷ്‌കറെ ത്വയ്യിബയാണ് പാക് ഭീകര സംഘടനകളില്‍ ഇന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയില്‍ ഒന്നാമത്. എണ്‍പതുകളില്‍ രൂപീകരിക്കപ്പെട്ട ലഷ്‌കറിനെ 2001ല്‍ യുഎസ് ഭീകര പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 2008ലെ മുംബൈ ആക്രമണം അടക്കം ഇന്ത്യയില്‍ നടന്ന ഒട്ടേറെ ഭീകര ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കറെയാണ്. 

മസൂദ് അസറിന്റെ നേതൃത്വത്തില്‍ 2000ല്‍ രൂപീകൃതമായതാണ് ജെയ്‌ഷെ മുഹമ്മദ്. 2001ല്‍ ജയ്ഷിനെയും യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി. ലഷ്‌കറുമായി ചേര്‍ന്ന് ജയ്‌ഷെയാണ് 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആക്രമണം നടത്തിയത്. യുഎസിനെതിരെയും ജയ്‌ഷെ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സോവിയറ്റ് സേനയ്‌ക്കെതിരെ പോരാടുന്നതിനായി 1980ല്‍ അഫ്ഗാനിസ്ഥാനിലാണ് ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമി സ്ഥാപിതമായത്. 1989നു ശേഷം അവര്‍ പ്രവര്‍ത്തനം ഇന്ത്യയെ ലക്ഷ്യമിട്ടാക്കി. അഫ്ഗാന്‍ താലിബാനെ ശക്തിപ്പെടുത്തുന്നതിനു പിന്നിലും ഇവര്‍ ഉണ്ടായിരുന്നു. 2010ല്‍ ഹര്‍ക്കത്തുല്‍ ജിഹാദ് ഇസ്ലാമിയെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു. നിലവില്‍ ഇവര്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീര്‍ പാകിസ്ഥാനില്‍ ചേര്‍ക്കുക എന്നത് ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ആണ് പാക് ഭീകര സംഘടനകളില്‍ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതില്‍ അവസാനത്തേത്. 1989ലാണ് ഇതു സ്ഥാപിതമായത്. 2017ല്‍ ഹിസ്ബുലിനെ യുഎസ് ഭീകര പട്ടികയില്‍ പെടുത്തി. 

അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ചെറിയ ചില നടപടികള്‍ എടുത്തിട്ടുണ്ടെങ്കിലും പാകിസ്ഥാന്‍ ഇപ്പോഴും 'ഭീകരരുടെ സ്വര്‍ഗമായി' തുടരുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത