ദേശീയം

മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം?; 10 മന്ത്രിമാര്‍ക്കും 20 എംഎല്‍എമാര്‍ക്കും കോവിഡ്; 48 മണിക്കൂറിനിടെ ഇരട്ടിയിലേറെ രോഗികള്‍, ആശങ്ക

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി. സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഇരട്ടിയിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 3900 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച ഇത് 8067 ആയി കുതിച്ചുയര്‍ന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. 

മുംബൈയിലും സ്ഥിതി രൂക്ഷമാണ്. ബുധനാഴ്ച 2445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളിയാഴ്ച ഇത് 5428 ആയി വര്‍ധിച്ചു. ഒമൈക്രോണ്‍ വ്യാപനവും മഹാരാഷ്ട്രയില്‍ രൂക്ഷമായി. 454 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 

വീണ്ടുമൊരു ലോക്ഡൗണ്‍ പടിവാതില്‍ക്കലെന്ന് മന്ത്രി

ഒമൈക്രോണ്‍ വ്യാപനം കൂടി രൂക്ഷമായ സാഹചര്യത്തില്‍ കോവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് പ്രകടമായതായാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.  സംസ്ഥാനത്ത്  വീണ്ടുമൊരു ലോക്ഡൗണ്‍ പടിവാതില്‍ക്കലാണെന്ന് മന്ത്രി വിജയ് വഡേത്തിവാര്‍ പറഞ്ഞു. 

നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

കോവിഡ് കേസുകള്‍ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ ഇതല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗമില്ല. അതിനാല്‍ രോഗവ്യാപനം തടയാന്‍ ജനങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു. 

മഹാരാഷ്ട്രയില്‍ നിലവില്‍ 24,509 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാന റവന്യൂമന്ത്രി ബാലാസാഹേബ് തൊറാട്ടിന് വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ വര്‍ഷ ഗെയ്ക് വാദ്, കെ സി പഡ്‌വി എന്നിവരെല്ലാം രോഗം ബാധിച്ച് ചികിത്സയിലാണ്. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു