ദേശീയം

ഹിജാബ് വിവാദത്തിനു പിന്നില്‍ 'അദൃശ്യ കരങ്ങള്‍'; അന്വേഷണം നടക്കട്ടെ: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഹിജാബ് വിവാദത്തിനു പിന്നില്‍ സാമൂഹ്യ സൗഹാര്‍ദം തകര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള 'അദൃശ്യ കരങ്ങള്‍' പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്ന് കര്‍ണാടക ഹൈക്കോടതി. വിവാദം വല്ലാതെ ഊതിപ്പെരുപ്പിക്കുകയായിരുന്നെന്നും ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു.

ഹിജാബ് വിവാദം ഉരുത്തിരിഞ്ഞുവന്ന രീതി ശ്രദ്ധിച്ചാല്‍, സാമൂഹ്യ സൗഹാര്‍ദം തകര്‍ത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള അദൃശ്യകരങ്ങള്‍ പ്രവര്‍ത്തിച്ചിരിക്കാമെന്ന വാദത്തിന് സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ പറയേണ്ട കാര്യമില്ലെന്നും കോടതി വിധിന്യായത്തില്‍ സൂചിപ്പിച്ചു. വിവാദത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും മറ്റ് മുസ്ലിം സംഘടനകളും ആണെന്ന് വാദത്തിനിടെ ചില അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പൊലീസ് അന്വേഷണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട ചില രേഖകള്‍ മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ചു മടക്കി നല്‍കിയതായും അന്വേഷണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും, ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളിയ വിധിയില്‍ കോടതി വ്യക്തമാക്കി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണമെന്ന് കോടതി പറഞ്ഞു. 

എട്ടു മഠങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉഡുപ്പിയിലെ അഷ്ടമഠ സംപ്രദായ ഉത്സവങ്ങളില്‍ മുസ്ലിംകള്‍ പോലും പങ്കെടുക്കുന്നുണ്ട്. വിദ്യാലയങ്ങളിലെ ഡ്രസ് കോഡ് 2004 മുതല്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ തുടര്‍ന്നുവരുന്നതാണ്. അവിടെയാണ് പെട്ടെന്ന് ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്. അക്കാദമിക് വര്‍ഷത്തിന്റെ പകുതില്‍ വച്ചായിരുന്നിട്ടും അത് ഊതിപ്പെരുപ്പിക്കുകയായിരുന്നു- കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു