ദേശീയം

ജമ്മു കശ്മീരിനു സംസ്ഥാന പദവി തിരിച്ചു നല്‍കണം; സെപ്റ്റംബര്‍ 30ന് അകം തെരഞ്ഞെടുപ്പു നടത്തണം: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കണമെന്നും അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30ന് അകം തെരഞ്ഞെടുപ്പു നടത്തണമെന്നും സുപ്രീം കോടതി. ഇതിന് തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. ജമ്മു കശ്മീരീന്റെ പ്രത്യേക പദവി റദ്ദാക്കിയതു ശരിവച്ച ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം.

ജമ്മു കശ്മീരില്‍നിന്ന് ലഡാക്കിനെ വേര്‍തിരിച്ച് കേന്ദ്ര ഭരണപ്രദേശമാക്കിയ കേന്ദ്ര നടപടി സാധുവാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കശ്മീരിനു പ്രത്യേക പദവി നല്‍കിയ, ഭരണഘടനയുടെ 370ാം വകുപ്പ് താത്കാലികമായിരുന്നു. അതു റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി വിധിച്ചു. 

ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിനില്ല. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. 

ഇന്ത്യയുമായുള്ള കൂടിച്ചേരല്‍ സമയത്ത് ജമ്മു കശ്മീരിലെ യുദ്ധാവസ്ഥയാണ് 370ാം വകുപ്പ് ഉള്‍പ്പെടുത്താന്‍ കാരണം. അതു താത്കാലികമാണ്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണ്. അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനും ബാധകമാണെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പരസ്പരം യോജിക്കുന്ന മൂന്നു വിധിന്യായങ്ങളാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര നടപടിയെ അനുകൂലിച്ച് കക്ഷി ചേര്‍ന്നവര്‍ക്കും വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക നിരയാണ് വാദങ്ങള്‍ ഉന്നയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവര്‍ കേന്ദ്ര നടപടിയെ അനുകൂലിച്ച് വാദിച്ചു. 

കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിവര്‍ ഹാജരായി. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് എന്ന വാദമാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിഘടനവാദത്തിനു ശമനമുണ്ടായതായും അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രം വാദിച്ചു.

1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭ ഇല്ലാതായതോടെ 370ാം വകുപ്പിനു സ്ഥിര സ്വഭാവം കൈവന്നു എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ജമ്മു കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ ഇത്തരമൊരു നടപടി കേന്ദ്രത്തിനു സ്വീകരിക്കാനാവില്ലെന്നും വാദം ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു