ദേശീയം

15 വര്‍ഷം കൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 41 കോടി പേര്‍; ഇന്ത്യയില്‍ 'വന്‍ മാറ്റമെന്ന്' യുഎന്‍ റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: 2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷ കാലയളവില്‍ 41 കോടി പേര്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് യുഎന്‍. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്റക്‌സും ചേര്‍ന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയിലാണ് (മള്‍ട്ടിഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്റക്‌സ്) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഇന്ത്യ ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങള്‍ ദാരിദ്ര്യം കുറയ്ക്കുന്നതിന് നിര്‍ണായക ഇടപെടലുകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈന, കംബോഡിയ, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോകോ, സെര്‍ബിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. 142.86 കോടിയാണ് നിലവിലെ ഇന്ത്യയുടെ ജനസംഖ്യ. 

ഇന്ത്യയില്‍ 2006-2021 കാലഘട്ടത്തില്‍ 41 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. 2005-2006ല്‍ ഇന്ത്യയില്‍ ദാരിദ്ര്യം 55.1 ശതമാനം ആയിരുന്നെങ്കില്‍ 2019-2021ല്‍ ഇത് 16.4 ആയി കുറഞ്ഞു. 64 കോടി പേരാണ് 2005-2006 വര്‍ഷത്തില്‍ ഇന്ത്യയില്‍ ദരിദ്രരായി ഉണ്ടായിരുന്നതെന്നും 2015-16ല്‍ ഇത് 37 കോടിയായും 2019-21ല്‍ 23 കോടിയായും കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദരിദ്ര സംസ്ഥാനങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളും അതിവേഗം പുരോഗതിയിലേക്ക് നീങ്ങുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പോഷകാഹാര സൂചിക പ്രകാരം 2005-2006ല്‍ 44.3 ശതമാനം ആയിരുന്നു ദരിദ്രര്‍. ഇത് 2019-2022ല്‍ 11.8 ശതമാനമായി കുറഞ്ഞു. ശിശുമരണ നിരക്ക് 50.4ല്‍ നിന്ന് 11.3ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ള ക്ഷാമം നേരിടുന്നവര്‍ 16.4 ശതമാനം ആയിരുന്നത് 2.7 ശതമാനമായി കുറഞ്ഞു. വൈദ്യുതി ലഭിക്കാത്തവര്‍ 29 ശതമാനത്തില്‍ നിന്ന് 2.1 ശതമാനത്തിലേക്ക് കുറഞ്ഞു. 44.9 ശതമാനം പേര്‍ക്ക് ആയിരുന്നു വീടില്ലാതിരുന്നത്. ഇത് 13.6 ശതമാനമായി കുറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

110 രാജ്യങ്ങളിലെ 610 കോടി ജനങ്ങളില്‍ 110 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലും ആറ് പേരില്‍ അഞ്ചുപേര്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളില്‍ ദാരിദ്ര്യ നിരക്ക് 27.7 ശതമാനമാണ്. മുതിര്‍ന്നവരില്‍ 13.4 ശതമനമാണ്. ദാരിദ്ര്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ഗ്രാമ മേഖലകളിലാണ്. 84 ശതമാനം ദരിദ്രരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. 

കോവിഡ് മഹാമാരി കാരണം മെക്‌സികോ, മഡഗാസ്‌കര്‍, കംബോഡിയ, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകുന്നതില്‍ കാലതാമസമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കംബോഡിയയും പെറുവും നൈജീരിയയും ദാരിദ്യം കുറയ്ക്കുന്നതില്‍ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

പുതിയ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ രാസലഹരി കടത്ത്, കുതിരാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; പൂത്തോള്‍ സ്വദേശി പിടിയില്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു