ധനകാര്യം

വാരന്‍ ബഫറ്റ് ഐഫോണും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കാറില്ല, എന്തുകൊണ്ടാണെന്ന് അറിയാമോ?

സമകാലിക മലയാളം ഡെസ്ക്

ആപ്പിളിന്റെ പുതിയ ഐഫോണ്‍ പുറത്തിറങ്ങുമ്പോള്‍ ലോകത്ത് മുഴുവന്‍ ആഘോഷമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആപ്പിള്‍ പ്രേമികള്‍ ഐഫോണ്‍ വാങ്ങുന്നതിനായി തിക്കും തിരക്കും കൂട്ടും. വലിയ വലിയ കോട്വീശരന്മാര്‍ വരെ ഈ കൂട്ടത്തില്‍ കാണും. എന്നാല്‍, ഇതൊന്നും ബില്‍ഗേറ്റ്‌സ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും ധനികനായ വാരന്‍ ബഫറ്റിനെ ബാധിക്കുന്ന കാര്യമേ അല്ല.

സിഎന്‍എന്‍ അഭിമുഖത്തിനിടെ തന്റെ നോക്കിയ ഫഌപ്പ് ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്ന വാരന്‍ ബഫറ്റ്‌
സിഎന്‍എന്‍ അഭിമുഖത്തിനിടെ തന്റെ നോക്കിയ ഫഌപ്പ് ഫോണ്‍ ഉയര്‍ത്തിക്കാണിക്കുന്ന വാരന്‍ ബഫറ്റ്‌

കൊക്കക്കോള, അമേരിക്കന്‍ എക്‌സ്പ്രസ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങി ലോകത്തിലെ ഏറ്റവും ലാഭകരമായ എണ്ണം പറഞ്ഞ കമ്പനികളുടെ മുഖ്യ ഓഹരികള്‍ കയ്യാളുന്ന ബെര്‍ക്ക്‌ഷെയര്‍ ഹാത്‌വേയുടെ ചെയര്‍മാനും സിഇഒയുമായ ബഫറ്റിന് ഇത്തരം കാര്യങ്ങളില്‍ യാതൊരു കമ്പവുമില്ല.

ലോകത്തിലെ ഏറ്റവും ഓഹരി മൂല്യമുള്ള ആപ്പിളിന്റെ ഓഹരികള്‍ സ്വന്തമായുണ്ടെങ്കിലും ബഫറ്റ് ഐഫോണ്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ആശ്ചര്യം. ഐഫോണ്‍ പോയിട്ട് ഒരു സ്മാര്‍ട്ട്‌ഫോണ്‍ പോലും അദ്ദേഹം ഉപയോഗിക്കുന്നില്ല എന്നാണെങ്കിലോ. സത്യമാണ്. ഒരു ഫഌപ്പ് ഫോണാണ് ഇപ്പോഴും ബഫറ്റ് ഉപയോഗിക്കുന്നത്.

വാരന്‍ ബഫറ്റ്‌

20 മുതല്‍ 25 വര്‍ഷം വരെ ഉപയോഗിക്കാതെ ഒരു സാധനവും ഞാന്‍ വലിച്ചെറിയാറില്ല. 2013ല്‍ അമേരിക്കയിലെ പ്രമുഖ ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നോക്കിയ ഫഌപ്പ് ഫോണ്‍ ഉയര്‍ത്തിക്കാട്ടി വാരന്‍ ബഫറ്റ് പറഞ്ഞതാണിത്. ഇതാണ് എനിക്ക് അലക്‌സാണ്ടര്‍ ഗ്രാംബെല്‍ തന്നത് എന്നും ബഫറ്റ് പറയുകയുണ്ടായി.

സ്വന്തമാക്കിയ സാധനങ്ങള്‍ അത്രപെട്ടെന്നൊന്നും ഒഴിവാക്കാത്ത സ്വഭാവം ബഫറ്റിന് ഓഹരി വിപണിയിലുണ്ടായ നേട്ടത്തിന് ശേഷം വന്നതാണ്. ഒരു പത്ത് വര്‍ഷമെങ്കിലും സൂക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങള്‍ക്ക് പറ്റിയ പണിയല്ല ഓഹരി വിപണിയെന്നാണ് ബഫറ്റിന്റെ ഉപദേശം.

ലോകത്തിലെ ഏറ്റവും ധനകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള വാരന്‍ ബഫറ്റിന്‍ വീട്‌

ഇത്ര വലിയ ബിസിനസുകാരനാണെങ്കിലും ഇതുവരെ ഒരേഒരു ഇമെയ്ല്‍ മാത്രമാണ് ബഫറ്റ് അയച്ചിട്ടുള്ളത്. പുതിയ സാങ്കേതിക വിദ്യകളോട് ബഫറ്റിന് ഭയമാണെന്ന് തോന്നിയാല്‍ തെറ്റി. കാരണം ബഫറ്റ് അങ്ങനെയുള്ള ഒരാളല്ല. തന്റെ ജീവിതം താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ട് പോകണമെന്ന് നിര്‍ബന്ധമുള്ള പ്രാക്ടിക്കലായ മനുഷ്യനാണ് ബഫറ്റ് എന്ന് പറയേണ്ടി വരും.

ലോക സമ്പന്നരുടെ പട്ടികയില്‍ മുന്നിലുള്ള ആളാണെങ്കിലും ജീവിത രീതിയില്‍ വലിയ മാറ്റമൊന്നും ബഫറ്റ് വരുത്തിയിട്ടില്ല. ലക്ഷപ്രഭുക്കന്മാര്‍ ഏഴും എട്ടും നിലയില്‍ മണിമാളിക പണിയുമ്പോള്‍ ബഫറ്റിന്റെ വീട് പഴയത് തന്നെയാണ്. 1958ല്‍ 31,500 ഡോളറിന് സ്വന്തമാക്കിയ മൂന്ന് ബെഡ്‌റൂമുള്ള വീട്.

ബില്‍ഗേറ്റ്‌സും വാരന്‍ ബഫറ്റും

2014വരെ ബഫറ്റ് ഉപയോഗിച്ചിരുന്നത് എട്ട് വര്‍ഷം പഴക്കുമുള്ള ജനറല്‍ മോട്ടോഴ്‌സിന്റെ കാഡിലാക്ക് എന്ന കാറാണ്. പിന്നീട് ജനറല്‍ മോട്ടോഴ്‌സ് സിഇഒയുടെ നിര്‍ബന്ധപ്രകാരം 2014ല്‍ കാഡിലാക്ക് എക്‌സ്ടിഎസിലേക്ക് ബഫറ്റ് മാറി. സ്വകാര്യ വിമാനം സ്വന്തമായുണ്ടെങ്കിലും വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ബഫറ്റ് ഇത് ഉപയോഗിക്കാറുള്ളത്.

നിക്ഷേപകന്‍ എന്ന നിലയില്‍ ബഫറ്റിന്റെ വിശ്വാസതയ്ക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കുകള്‍ക്കും സാമ്പത്തിക ലോകം കാതോര്‍ക്കുന്നുണ്ട്. ഓഹരി വിപണിയുടെ ട്രെന്‍ഡുകള്‍ എന്താണെന്ന് കൃത്യമായി വിലയിരുത്താന്‍ സാധിക്കുന്ന ബഫറ്റിന് ലോകത്തെ മാറുന്ന ട്രെന്‍ഡുകള്‍ ഒരിക്കലും ബാധിക്കുന്നില്ല.

വാരന്‍ ബഫറ്റ്

ക്രെഡിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി നിങ്ങളില്‍ തന്നെ നിക്ഷേപിക്കൂ എന്നാണ് ബഫറ്റ് യുവതയ്ക്ക് നല്‍കുന്ന ഉപദേശം. പണം മനുഷ്യനെ സൃഷ്ടിക്കില്ല. മനുഷ്യനാണ് പണം സൃഷ്ടിക്കുന്നതെന്ന് ബഫറ്റിന്റെ ജീവിതം കാണിച്ചു തരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ