ധനകാര്യം

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഇനി കേരളത്തിന് സ്വന്തം ; കടബാധ്യത  430 കോടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് (എച്ച്എന്‍എല്‍) കേരളസര്‍ക്കാരിന് കൈമാറാന്‍ തീരുമാനം. എച്ച്എന്‍എല്ലിന്റെ മുഴുവന്‍ ഓഹരികളും 25 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കമ്പനി ലിക്വിഡേറ്ററുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. വായ്പകള്‍ അടക്കം എച്ച്എന്‍എല്ലിന്റെ കടബാധ്യതയായ  430 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. കമ്പനി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ള തുകയുടെ 70 ശതമാനം ഒന്നിച്ചടച്ച് ബാധ്യത തീര്‍ക്കാമെന്നാണ് സര്‍ക്കാര്‍ ലിക്വിഡേറ്ററെ അറിയിച്ചത്.

കമ്പനി സ്ഥിതിചെയ്യുന്ന 692 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന് കൈമാറും. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവയുടെ അനുമതി ലഭിച്ചാല്‍ കൈമാറ്റം പൂര്‍ണമാകുമെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന ചര്‍ച്ചയില്‍ എച്ച്എന്‍എല്ലിന്റെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍ ( എച്ച്പിസി), ലിക്വിഡേറ്റര്‍ കുല്‍ദീപ് വര്‍മ, പ്ലിക് സെക്ടര്‍ റീ സ്ട്രക്ചറിംഗ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ( റിയാബ് ) ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, എച്ച്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഗോപാല റാവു, എസ്ബിഐ, കാനറാ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എച്ച്പിസി വിറ്റൊഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ എച്ച്എന്‍എല്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഭൂമി കൈമാറാന്‍ എച്ച്പിസി ലിക്വിഡേറ്റര്‍ വിസമ്മതിച്ചു. ഇതോടെ ഭൂമി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. തുടക്കത്തില്‍ 200 കോടിയാണ് എച്ച്പിസി ആവശ്യപ്പെട്ടതെങ്കിലും 25 കോടിക്ക് ഓഹരികള്‍ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.

എച്ച്എന്‍എല്ലിന്റെയും നൂറു ശതമാനം ഓഹരികളുടെയും ഉമസ്ഥാവകാശം എച്ച്പിസിക്കാണ്. അതിനാലാണ്, നിലവില്‍ ലിക്വിഡേഷനില്‍ അല്ലെങ്കിലും എച്ച്പിസിയുടെ സബ്‌സിഡിയറി സ്ഥാപനമായ എച്ച്എന്‍എല്ലും ലിക്വിഡേറ്ററുടെ കീഴിലായത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലിക്വിഡേറ്റര്‍ ഡല്‍ഹി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍സിഎല്‍ടി) അറിയിക്കും. ഡല്‍ഹി എന്‍സിഎല്‍ടി ബെഞ്ചാണ് ലിക്വിഡേറ്ററിനെ നിയമിച്ചത്. ഒരു വര്‍ഷത്തോളമായി കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

അതെ, ഞാനൊരു പെണ്‍കുട്ടിയാണ്; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി