ധനകാര്യം

ഫാസ്ടാഗ് കാര്‍ഡുകള്‍ ടോള്‍ പ്ലാസകളിലും ബാങ്കുകളിലും, ചെറുകിട വാഹനങ്ങള്‍ക്ക് 500, വലിയ വാഹനങ്ങള്‍ക്ക് 600രൂപ; റീച്ചാര്‍ജിന് ഓണ്‍ലൈന്‍ വാലറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്തെ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ മാത്രമേ ഇനി മുതല്‍ ടോള്‍ തുക സ്വീകരിക്കുകയുളളൂവെന്നാണ് സാരം. ടോള്‍ പ്ലാസകള്‍ക്ക് മുന്നിലുളള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് കേരളത്തില്‍ ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്ന വാളയാര്‍. പാലിയേക്കര, അരൂര്‍, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ ഇത് നിലവില്‍ വരും.

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്. ഇതനുസരിച്ച് സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡ് വാഹനത്തിന്റെ ഇടതുവശത്ത് വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കും.ഈ കാര്‍ഡില്‍ ക്രമീകരിച്ചിരിക്കുന്ന മാഗ്നറ്റിക് ചിപ്പ് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഇതില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കോഡില്‍ വാഹനത്തിന്റെ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ഈ വിവരങ്ങള്‍ റീഡ് ചെയ്യുന്ന തരത്തില്‍ ടോള്‍ പ്ലാസയില്‍ സംവിധാനം ഒരുക്കാനാണ് പദ്ധതി.

ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്‌ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ്് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹനങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.

ഇത്തരം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 200 രൂപയാണ്.  ടോള്‍ തുക അടയ്ക്കാന്‍ ഫാസ്ടാഗ് ഓണ്‍ലൈന്‍ വാലറ്റുകള്‍ ലഭ്യമാണ്. ഇത് റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് സംവിധാനം. ഇതിനായി ഫാസ്ടാഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ഫോണ്‍ നമ്പറിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ഇടപാട് നടത്താവുന്നതാണ്. ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ് കാര്‍ഡുകള്‍ റീച്ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഫാസ്ടാഗ് ഇല്ലാതെ കടന്നുവരുന്ന വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക  ഈടാക്കും.

ടോള്‍ പ്ലാസകളിലും ബന്ധപ്പെട്ട ബാങ്കുകളിലും ഫാസ്ടാഗ് കാര്‍ഡുകള്‍ ലഭ്യമാക്കും. പേര്, വാഹനത്തിന്റെ ആര്‍സിയുടെ പകര്‍പ്പ് തുടങ്ങി തിരിച്ചറിയല്‍ രേഖകള്‍ കൈമാറിയാല്‍ കാര്‍ഡ് നല്‍കും. ചെറുകിട വാഹനങ്ങളില്‍ നിന്ന് 500 രൂപയാണ് കാര്‍ഡിനായി ഈടാക്കുക. വലിയ വാഹനങ്ങള്‍ക്ക് ഇത് 600 രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ