ധനകാര്യം

വിപണിയെ കൈപിടിച്ച് ഉയര്‍ത്തി മോദി സര്‍ക്കാര്‍; നിക്ഷേപകര്‍ കൂടുതല്‍ സമ്പന്നരായി, ഒഴുകിയെത്തിയത് ഏഴുലക്ഷം കോടി; 'തിളക്കമാര്‍ന്ന വെളളിയാഴ്ച'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ ചുവടുപിടിച്ച് ഓഹരിവിപണിയില്‍ കുതിപ്പ്. തളര്‍ച്ച നേരിടുന്ന വ്യവസായ മേഖലയ്ക്ക് പ്രതീക്ഷ നല്‍കി കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഒറ്റദിവസം കൊണ്ട് മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏഴു ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. അതായത് നിക്ഷേപകരുടെ നിക്ഷേപ മൂല്യം വീണ്ടും ഉയര്‍ന്നു എന്ന് സാരം. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുളള തീരുമാനത്തെ 130 കോടി ജനങ്ങളുടെ വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിച്ചുവരികയാണ് കേന്ദ്രസര്‍ക്കാര്‍. പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കുക, ബാങ്ക് ലയനം സാധ്യമാക്കുക,  ഇറക്കുമതിയിലും കയറ്റുമതിയിലും ഇളവുകള്‍ പ്രഖ്യാപിക്കുക അടക്കം തുടര്‍ച്ചയായുളള പരിഷ്‌കരണ നടപടികളിലൂടെ സമ്പദ് വ്യവസ്ഥയെ കരകയറ്റാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാളുകളില്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നടപടികളുടെ പ്രതിഫലനം വിപണിയില്‍ ദൃശ്യമായിരുന്നില്ല. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിപണി കൂപ്പുകുത്തുന്ന ദൃശ്യമാണ് കണ്ടത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമാക്കി താഴ്ത്തുന്നത് അടക്കം നിര്‍മിതോത്പ്പന മേഖലയുടെ ഉണര്‍വിനായി കൈക്കൊണ്ട തീരുമാനം വിപണിക്ക് വീണ്ടും പ്രതീക്ഷ നല്‍കുകയായിരുന്നു.

ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് അഞ്ചുശതമാനമാണ് ഉയര്‍ന്നത്. ഒറ്റ ദിവസത്തിനകം 2000 ത്തിലേറെ പോയിന്റാണ് ഉയര്‍ന്നത്. കമ്പനികളുടെ വിപണിമൂല്യത്തില്‍ ഏഴുലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ കുറെ നാളുകളായി സമ്പദ് വ്യവ്സ്ഥയുടെ തിരിച്ചുവരവിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഗുണം വിപണിയില്‍ കണ്ടുതുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

ബിസിനസ്സ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഇന്ത്യ എന്ന സല്‍പ്പേര് നേടിയെടുക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മോദി പറഞ്ഞു. അതിനായി എല്ലാവഴികളും സര്‍ക്കാര്‍ തേടും. എല്ലാ വിഭാഗം ആളുകളുടെയും അഭിവൃദ്ധി ലക്ഷ്യമിട്ടുളള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിയായി മാറ്റുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മോദി ട്വിറ്ററില്‍ ആവര്‍ത്തിച്ചു.

കോര്‍പ്പറേറ്റ് നികുതി കുറച്ചത് ചരിത്രപരമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഇത് കരുത്തുപകരും. സ്വകാര്യനിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇത് ഇടയാക്കും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും മത്സരക്ഷമത വര്‍ധിക്കാനും ഇത് സഹായകമാകുമെന്നും മോദി പറഞ്ഞു. ഇത് 130 കോടി ഇന്ത്യക്കാരുടെ വിജയമാണെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍; മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും