ധനകാര്യം

എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം; മൂന്ന് മാസത്തേയ്ക്ക് തിരിച്ചടവ് വേണ്ട; പണലഭ്യത ഉറപ്പാക്കാന്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് ദുരിതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്. മുഖ്യ പലിശനിരക്ക് കുറച്ചതിന് പുറമേ വായ്പ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചു. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തേയ്ക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇത് എല്ലാ ബാങ്കുകള്‍ക്കും ബാധകമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാങ്കുകളില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഒരു ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ കരുതല്‍ ധനാനുപാതം 3 ശതമാനമായി. മാര്‍ച്ച് 28 മുതല്‍ ഒരു വര്‍ഷം വരെ ഇത് ബാധകമാണ്. സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ ഉത്തേജനം പകരാന്‍ റിസര്‍വ് ബാങ്ക് പലിശനിരക്കും കുറച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോനിരക്ക് 0.75 ശതമാനം കുറച്ചു. ഇതോടെ റിപ്പോനിരക്ക് 4.4 ശതമാനമായി. 

റിസര്‍വ് ബാങ്കില്‍ ബാങ്കുകള്‍ക്കുളള നിക്ഷേപത്തിന് നല്‍കുന്ന നിരക്കായ റിവേഴ്‌സ് റിപ്പോനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 0.90 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്.  ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.രാജ്യം അസാധാരണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നാണ്യപ്പെരുപ്പ നിരക്ക് സുരക്ഷിതമായ നിലയിലാണ്. അതേസമയം വളര്‍ച്ചാനിരക്ക് പ്രവചിക്കുന്നത് ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയാണ്. ആഗോളമാന്ദ്യത്തിനുളള സാധ്യതയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയാനും സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

തുടര്‍ച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഡിസംബറില്‍ ചേര്‍ന്ന പണവായ്പ നയ സമിതിയാണ് പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് മാറി നിന്നത്. അതിനിടെ, കഴിഞ്ഞ സാമ്പത്തികവര്‍ഷം അഞ്ചു തവണകളായി റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ 1.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. എന്നാല്‍ കോവിഡ് സമ്പദ് വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു