ധനകാര്യം

പുതിയ ഡെബിറ്റ് കാര്‍ഡ് ചട്ടം: 'ടോക്കണൈസേഷന്‍' സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സേവനദാതാക്കളുടെ സെര്‍വറില്‍ സൂക്ഷിക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്കൊണ്ടുവന്ന ചട്ടം നടപ്പാക്കുന്നത് മൂന്ന് മാസം കൂടി നീട്ടി. ബാങ്കുകള്‍ അടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് സെപ്റ്റംബര്‍ 30 വരെ റിസര്‍വ് ബാങ്ക് സമയം അനുവദിച്ചത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ രൂപം നല്‍കിയ ചട്ടം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരാനിരിക്കേയാണ് നീട്ടി നല്‍കിയത്.

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് റിസര്‍വ് ബാങ്ക് ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്‍ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്നുവരെയും ഇപ്പോള്‍ സെപ്റ്റംബര്‍ 30 വരെയുമായി രണ്ടു തവണയായാണ് നീട്ടിയത്.

ടോക്കണൈസേഷന്‍ ചട്ടം നിലവില്‍ വരുന്നതോടെ, ഇടപാടുകാരുടെ യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ടോക്കണ്‍ എന്ന് വിളിക്കുന്ന ഈ കോഡ് ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് സേവ് ആകുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കണൈസേഷന്‍ സംവിധാനം.

ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ, ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ നീക്കം ചെയ്യണം. കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ടോക്കണിലേക്ക് നീങ്ങണമെന്നാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഇടപാടുകാരനെ സംബന്ധിച്ച് കാര്‍ഡ് ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ല. ടോക്കണൈസേഷന് അനുമതി നല്‍കിയില്ലെങ്കില്‍ ഇടപാട് നടത്താന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും കാര്‍ഡുടമകള്‍ നല്‍കണം. സിവിവി മാത്രം നല്‍കി വരിസംഖ്യയും മറ്റും അടയ്ക്കുന്ന പതിവ് രീതിക്ക് പകരമാണ് മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരിക.

ടോക്കണൈസേഷന് അനുമതി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി. ടോക്കണൈസേഷന്‍ സംവിധാനം മുഴുവനായി സൗജന്യമാണ്. സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ് ടോക്കണൈസേഷന്റെ പ്രത്യേകത.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!