ധനകാര്യം

ഇനി പണം കൈമാറാനും ബില്ല് അടയ്ക്കാനും ഇന്റര്‍നെറ്റ് വേണ്ട, ഫീച്ചര്‍ ഫോണില്‍ പുതിയ സംവിധാനം; 40 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്റര്‍നെറ്റ് സേവനമില്ലാതെ തന്നെ ഇനിമുതല്‍ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്താം. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐയുടെ ഫീച്ചര്‍ ഫോണില്‍ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചു. 'യുപിഐ 123 പേ' എന്ന പേരിലുള്ള സംവിധാനം ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഈ സേവനത്തിലൂടെ രാജ്യത്ത് നിലവിലുള്ള 40 കോടി ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്കും രാജ്യത്തെ ബൃഹത്തായ യുപിഐ പ്ലാറ്റ്ഫോമിന്റെ ഭാഗമാവാന്‍ സാധിക്കും.

നിലവില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ഫോണുകളില്‍ മാത്രമാണ് യുപിഐ സേവനം ലഭിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ഫീച്ചര്‍ ഫോണ്‍ ഉടമകള്‍ക്കും തങ്ങളുടെ ഫോണ്‍ ഉപയോഗിച്ച് പണമയക്കാനും സ്വീകരിക്കാനും സാധിക്കും.

പണമയക്കാനും, ബില്ലുകള്‍ അടയ്ക്കാനും, ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാനും, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും അടക്കം വിവധ സേവനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മൂന്ന് ഘട്ടത്തിലൂടെ യുപിഐ ഇടപാട് നടത്താന്‍ സാധിക്കുന്നവിധമാണ് സംവിധാനം ഒരുക്കിയത്. 

യുപിഐ ഇടപാട് നിര്‍വഹിക്കാന്‍ ഫീച്ചര്‍ ഫോണിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുക എന്നതാണ് പ്രധാനം. ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറിയാണ് ഇത് നിര്‍വഹിക്കുന്നത്. മിസ്ഡ് കോള്‍,  ഇന്ററാക്റ്റീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം, ഫീച്ചര്‍ഫോണുകളിലെ ആപ്പ് സംവിധാനം, പ്രോക്സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട് എന്നിവ വഴി ഇടപാട് നടത്താന്‍ സാധിക്കും.

മിസ്ഡ് കോള്‍:

മിസ്ഡ് കോള്‍ സംവിധാനത്തിലൂടെ വളരെ വേഗത്തില്‍ പണം കൈമാറാനും ബില്ല് അടയ്ക്കാനും സാധിക്കും. കടയില്‍ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ച് ഇടപാട് നടത്താന്‍ കഴിയും വിധമാണ് സംവിധാനം. യുപിഐ പിന്‍ നല്‍കി സുരക്ഷിതമായ നിലയില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും വിധമാണ് ക്രമീകരണം.

ഫീച്ചര്‍ഫോണുകളിലെ ആപ്പ് സംവിധാനം:

ഫീച്ചര്‍ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവിധ യുപിഐ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. 


ഇന്ററാക്റ്റീവ് വോയ്സ് റെസ്പോണ്‍സ് സംവിധാനം:  

മുന്‍കൂട്ടി നിശ്ചയിച്ച നമ്പറിലേക്ക് ഫീച്ചര്‍ ഫോണില്‍ നിന്ന് വിളിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ ഇടപാട് നടത്താന്‍ കഴിയുംവിധാനമാണ് ക്രമീകരണം. 

പ്രോക്സിമിറ്റി സൗണ്ട് അധിഷ്ടിത ഇടപാട്:

ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചും ഇടപാട് നടത്താം. സമ്പര്‍ക്കരഹിത, ഓഫ്‌ലൈന്‍, പ്രോക്‌സിമിറ്റി ഡേറ്റ കമ്മ്യൂണിക്കേഷന്‍ എന്നിവ വഴി ഫീച്ചര്‍ ഫോണുകളിലൂടെ ഇടപാട് നടത്താന്‍ കഴിയുമെന്ന് ആര്‍ബിഐ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് കൂടും; പുനര്‍ നിര്‍ണയത്തിന് കമ്മിഷന്‍, മന്ത്രിസഭാ തീരുമാനം

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

സൗദി രാജാവിന് ശ്വാസകോശത്തില്‍ അണുബാധ; കൊട്ടാരത്തില്‍ ചികിത്സയില്‍

ഇന്ത്യന്‍ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാര്‍