ധനകാര്യം

പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ചട്ടം നാളെ മുതല്‍; ടോക്കണ്‍ എടുക്കുന്ന വിധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ടോക്കണൈസേഷന്‍ ചട്ടം നാളെ നിലവില്‍ വരികയാണ്. ഓണ്‍ലൈന്‍, പോയിന്റ് ഓഫ് സെയില്‍, ആപ്പ് എന്നിവ വഴിയുള്ള എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളും ടോക്കണിലേക്ക് മാറുന്നതാണ് ടോക്കണൈസേഷന്‍. സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഡിലെ വിവരങ്ങള്‍ കൈമാറുന്നതിന് പകരം 16 അക്ക കോഡ് നല്‍കുന്നതാണ് ടോക്കണൈസേഷന്‍ രീതി.  എല്ലാ കാര്‍ഡുകള്‍ക്കും പ്രത്യേകമായ ടോക്കണാണ് നല്‍കുക. 

ബാങ്കുകള്‍ അടക്കം വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകളുടെ ടോക്കണൈസേഷന്‍ നടപ്പാക്കുന്നത് നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയില്‍ നടപ്പാക്കേണ്ട ചട്ടമാണ് രണ്ടുതവണയായി സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് റിസര്‍വ് ബാങ്ക് ചട്ടത്തിന് രൂപം നല്‍കിയത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ മുന്‍ ഉത്തരവ്. ഇത് പിന്നീട് ജൂലൈ ഒന്നുവരെയും പിന്നീട് സെപ്റ്റംബര്‍ 30 വരെയുമായി രണ്ടു തവണയായാണ് നീട്ടിയത്.

ടോക്കണൈസേഷന്‍ ചട്ടം നിലവില്‍ വരുന്നതോടെ, ഇടപാടുകാരുടെ യഥാര്‍ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് പകരം പ്രത്യേക കോഡ് വഴിയാണ് ഇടപാട് നടക്കുക. ടോക്കണ്‍ എന്ന് വിളിക്കുന്ന ഈ കോഡ് ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് സേവ് ആകുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് ടോക്കണൈസേഷന്‍ സംവിധാനം.

ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ, ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന ഇടപാടുകാരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഓണ്‍ലൈന്‍ സേവനദാതാക്കള്‍ നീക്കം ചെയ്യണം. കാര്‍ഡ് വിവരങ്ങള്‍ നീക്കം ചെയ്ത് എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ ടോക്കണിലേക്ക് നീങ്ങണമെന്നാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഇടപാടുകാരനെ സംബന്ധിച്ച് കാര്‍ഡ് ടോക്കണൈസേഷന്‍ നിര്‍ബന്ധമല്ല. ടോക്കണൈസേഷന് അനുമതി നല്‍കിയില്ലെങ്കില്‍ ഇടപാട് നടത്താന്‍ കാര്‍ഡിലെ മുഴുവന്‍ വിവരങ്ങളും കാര്‍ഡുടമകള്‍ നല്‍കണം. സിവിവി മാത്രം നല്‍കി വരിസംഖ്യയും മറ്റും അടയ്ക്കുന്ന പതിവ് രീതിക്ക് പകരമാണ് മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടി വരിക.

ടോക്കണൈസേഷന് അനുമതി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി. ടോക്കണൈസേഷന്‍ സംവിധാനം മുഴുവനായി സൗജന്യമാണ്. സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെടാതെ തന്നെ വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്നതാണ് ടോക്കണൈസേഷന്റെ പ്രത്യേകത.

ടോക്കണ്‍ എടുക്കുന്ന വിധം:

ഉല്‍പ്പന്നം വാങ്ങി ഇടപാട് നടത്തുന്നതിന്  തെരഞ്ഞെടുക്കുന്ന ഓണ്‍ലൈന്‍ സൈറ്റോ ആപ്പോ സന്ദര്‍ശിക്കുക

ഇടപാട് നടത്താന്‍ ഉപയോഗിക്കുന്ന കാര്‍ഡിലെ വിവരങ്ങള്‍ നല്‍കുക

വിവരങ്ങള്‍ സുരക്ഷിതമാക്കാന്‍ കാര്‍ഡിനെ ടോക്കണൈസേഷന് വിധേയമാക്കുക. തുടര്‍ന്ന് ആര്‍ബിഐ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള 'secure your card as per RBI guidelines' ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ടോക്കണിന് രൂപം നല്‍കിയതിന് അംഗീകാരം നല്‍കുക. ഇടപാട് പൂര്‍ത്തിയാക്കാന്‍ ബാങ്ക് അയക്കുന്ന ഒടിപി നമ്പര്‍ നല്‍കുക.

 ഇതോടെ ടോക്കണൈസേഷന്‍ പൂര്‍ത്തിയായി. കാര്‍ഡിലെ വിവരങ്ങള്‍ക്ക് പകരമാണ് ടോക്കണ്‍. ഇത് നിലനിര്‍ത്തുക. 

ടോക്കണൈസേഷന്‍ പൂര്‍ത്തിയായോ എന്നറിയാന്‍ അതേ വെബ്‌സൈറ്റിലോ ആപ്പിലോ പിന്നീട് ഇടപാട് നടത്തുമ്പോള്‍ കാര്‍ഡിന്റെ അവസാന നാലക്ക നമ്പറാണോ വരുന്നത് എന്ന് നോക്കുക. അങ്ങനെയെങ്കില്‍ കാര്‍ഡ് ടോക്കണൈസേഷന് വിധേയമായി എന്ന് ഉറപ്പിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്