ജീവിതം

'അവന്‍ നിങ്ങളുടെ മകനെങ്കില്‍ വിഡ്ഢി എന്നു കൂവിയാര്‍ക്കുമോ?'

സമകാലിക മലയാളം ഡെസ്ക്

'ത്തില്ലെങ്കില്‍ അവനെ തല്ലിക്കൊല്ലണം' ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയുടെ തോല്‍വിയെത്തുടര്‍ന്ന് കോട്ടയം സ്വദേശിയായ ദിനു ആത്മഹത്യ ചെയ്തതിനെതിരെ മലയാളികളുടെ ആക്രോശമുയരുകയാണ്. എന്നാല്‍ ഒരു അബദ്ധം പറ്റിയയാളെ പിച്ചിച്ചീന്തരുതെന്നും കുറ്റപ്പെടുത്തലിന്റെ ആത്മരതിയ്ക്ക് നാം സ്വയം വിലങ്ങിടണമെന്നും ഓര്‍മപ്പെടുത്തുകയാണ് സൈന നാസര്‍.

ഇതുമായി  ബന്ധപ്പെട്ട് തന്റേ ഫേസ്ബുക്ക് പേജില്‍ സൈന എഴുതിയ കുറിപ്പ്  ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിനു സ്വന്തം  മകനെങ്കില്‍ ഇങ്ങനെ വിഡ്ഢി എന്ന് കൂവിയാര്‍ത്ത് ആനന്ദിക്കുമോ എന്ന് സെന  തന്റെ  കുറിപ്പില്‍ ചോദിക്കുന്നു. ദിനുവിനെ വെറുതെ വിടണമെന്നും പകരം നമ്മുടെ മക്കളെ മാനസീകാരോഗ്യത്തില്‍ കരുത്തുള്ളവരാക്കണമെന്നുമാണ് സൈനയുടെ വാക്കുകള്‍. പരാജയങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കാനും സങ്കടക്കടല്‍ നീന്തിക്കടക്കാനും മക്കളെ പ്രാപ്തരാക്കാന്‍ സൈന കുറിപ്പില്‍ പറയുന്നു. എല്ലാത്തിലുമുപരി കുട്ടികള്‍ക്ക് അവരാകാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് സൈന തന്റെ കുറിപ്പില്‍ പറയുന്നു.   

സൈന നാസര്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

'വെറുതെ വിടുക, ജീവന്‍ പൊലിഞ്ഞ ആ പക്ഷിയെ..'

അബദ്ധം സംഭവിക്കുന്നവരെ വിഡ്ഢികളെന്ന് ആക്ഷേപിച്ച് സ്വയം ബുദ്ധിജീവി ചമയുവാന്‍ എന്ത് തിടുക്കമാണ് നമുക്കൊക്കെ...? കുറ്റപ്പെടുത്തലിന്റെ ആത്മരതിക്ക് ചെലവേതുമില്ലല്ലോ...
ലയണല്‍ മെസ്സി എന്ന കാല്‍പ്പന്തിതിഹാസം ലോകകപ്പ് മത്സരത്തില്‍ പരാജയപ്പെട്ടതില്‍ മനം നൊന്ത് ജീവന്‍ വെടിഞ്ഞ ദിനു എന്ന ചെറുപ്പക്കാരന്‍.. അവന്‍ സ്വന്തം മകനെങ്കില്‍ ആരെങ്കിലും ഇങ്ങനെ 'വിഡ്ഢി' യെന്ന് കൂവിയാര്‍ത്ത് ആനന്ദിക്കുമോ ?
അന്ധമായ ആരാധനയും ഒരുതരം മാനസിക വിഭ്രാന്തിയാണ്.. മറ്റനേകം ഏകാന്തതകള്‍ അനുഭവിച്ചിരുന്ന ഒരു കുട്ടിയായിരുന്നിരിക്കാം ചെറുപ്പം മുതല്‍ അവന്‍.. അപക്വമായ , കട്ടിയില്ലാത്ത മനസ്സുള്ള അന്തര്‍മുഖനായ ഒരു സാധു..
താന്‍ ആഗ്രഹിക്കും പോലെ ഭ്രാന്തമായി സ്‌നേഹിക്കപ്പെടാനും മെസ്സിയില്‍ ആ പൂര്‍ണ്ണത കണ്ടെത്താനും ശ്രമിച്ചിരിക്കാം അവന്റെ കാല്പനിക മനസ്സ്.. എത്ര മാത്രം ആകുല ചിന്തകള്‍ക്ക് മുന്നില്‍ സുല്ലു പറഞ്ഞാവും അവന്‍ മരണത്തിനു കൂട്ടു പോവാനുറച്ചത് ?
നമുക്കെന്തേ നന്ദിതയോടും രാജലക്ഷ്മിയോടും ഢ ജ സത്യനോടും ഈ വേര്‍തിരിവില്ലാത്തത് ?അവനവനാവാന്‍ ഓരോരുത്തര്‍ക്കും അവകാശമില്ലേ? വെറുതെ വിടുക, ജീവന്‍ പൊലിഞ്ഞ ആ പക്ഷിയെ..
പകരം നമ്മുടെ മക്കളുടെ മാനസികാരോഗ്യത്തില്‍ കരുതലുള്ളവരാവുക... പരാജയങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കാനും സങ്കടക്കടല്‍ നീന്തിക്കടക്കാനും പ്രാപ്തരാക്കുക...
ആത്മവിശ്വാസം പകര്‍ന്ന് നെഞ്ചോടു ചേര്‍ക്കുക... ആരുടെയെങ്കിലും ഉപദേശം കൊണ്ട് നന്നായവരാണോ നമ്മള്‍ എന്ന് സ്വയം ചിന്തിച്ചു നോക്കുക...
ജീവിതത്തെ സ്‌നേഹിച്ചു കാണിക്കുക... സ്വ ജീവന്‍ ചേര്‍ത്ത് പിടിക്കാന്‍ , കുഞ്ഞു കുഞ്ഞു വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ക്കും പരിശീലനം നല്‍കുക...
തോല്‍വികള്‍ കരുത്തു നേടാനുള്ള ചവിട്ടു പടികളാണെന്ന് ഒപ്പം നിറുത്തി പറഞ്ഞു കൊടുക്കുക... ഏതു തോല്‍വിയിലും നാണക്കേടിലും നിനക്ക് ഞാനുണ്ടാവുമെന്ന ഉറച്ച വിശ്വാസം അവരില്‍ വളര്‍ത്തുക.. തെറ്റുപറ്റുന്നത് മനുഷ്യ സഹജമാണെന്ന് ബോധ്യപ്പെടുത്തുക...
എല്ലാത്തിനുമുപരി അവര്‍ക്ക് അവരാകാന്‍ സ്വാതന്ത്ര്യം നല്‍കുക...
' Give your children some benevolent negligence..'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം