ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി 25കാരി. സ്വാഭാവിക പ്രസവത്തിലൂടെയാണ് ഇവര്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇറാഖി യുവതിയ്ക്ക് ഒറ്റ പ്രസവത്തിലൂടെ ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഏറെ അല്‍ഭുതത്തോടെയാണ് വൈദ്യലോകം ഇതിനെ നോക്കിക്കാണുന്നത്. ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രിയിലാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണാരോഗ്യത്തോടെ ആശുപത്രിയില്‍ തുടരുകയാണ്. ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍(septuplets) ജനിക്കുന്നത്.
കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നാണ്. അതേസമയം അമ്മയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
1997ലാണ് ലോകത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു ആ പ്രസവത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്. ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയെ സെപ്റ്റിയൂപ്ലെറ്റ്സ് (Septuplets) എന്നാണ് പറയുന്നത്. എണ്ണത്തിനനുസരിച്ച് ഇത് പല പേരുകളിലാണ് അറിയപ്പെടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ