ജീവിതം

വീല്‍ചെയര്‍ പിടിക്കാന്‍ ഇനി ശശിധരന്‍ ഇല്ല, പാതിമെയ്തളര്‍ന്ന പ്രിയതമയെ ഒറ്റക്കാക്കി മടക്കം; രാജ്യത്തിന്റെ ഹീറോ പ്രണയത്തിന്റേയും 

സമകാലിക മലയാളം ഡെസ്ക്

വീല്‍ചെയറില്‍ ചുവന്ന ഷോളും പുതച്ച് തൃപ്തി തന്റെ പ്രിയപ്പെട്ടവന്റെ അടുത്തുതന്നെ ഇരുന്നു. ആ ശവമഞ്ചത്തിന് അരികിലായി. അദ്ദേഹത്തെ ത്രിവര്‍ണപതാകയില്‍ പൊതിയുന്നതും സൈനിക ബഹുമതികള്‍ ഏറ്റുവാങ്ങുന്നതും ശ്രദ്ധിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി തന്നെ താങ്ങി നിര്‍ത്തിയിരുന്ന തന്റെ പ്രാണന്‍ ഇനി ഇല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ ശവമഞ്ചവും നോക്കി അവര്‍ ഇരുന്നു. കഴിഞ്ഞ ദിവസം കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ ശശിധരന്‍ നായരുടെ സംസ്‌കാര ചടങ്ങാണ് എല്ലാവര്‍ക്കും വേദനയായി മാറിയത്. പാതിശരീരം തളര്‍ന്ന ശശിധരന്റെ ഭാര്യ തൃപ്തി നായരാണ് ചടങ്ങിനെത്തിയവരുടെ കണ്ണിനെ ഈറനണിയിച്ചത്. 

ഇരുവരുടേയും ജീവിതം മറ്റ് ഏത് പ്രണയ കഥയേക്കാള്‍ സുന്ദരമായിരുന്നു. ചെറുപ്പം മുതല്‍ സൈനികനാവണമെന്നായിരുന്നു ശശിധരന്റെ ആഗ്രഹം. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം തന്റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. 27 വയസില്‍ തൃപ്തിയെ പരിചയപ്പെടുമ്പോള്‍ ശശിധരന്‍ സൈന്യത്തിലെ ക്യാപ്റ്റനായിരുന്നു. ആറ് മാസത്തെ പരിചയം പ്രണയമായി വളര്‍ന്നു. എന്നാല്‍ അപ്പോഴേക്കും തൃപ്തിയുടെ ശരീരത്തിന് ബലക്ഷയം വരാന്‍ തുടങ്ങി. വിവാഹത്തിന് ഒരു മാസം മുന്‍പ് തൃപ്തി തളര്‍ന്നുവീണു. അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയി. 

വിവാഹം വേണ്ടെന്ന് വെക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. വാക്ക് കൊടുത്തപോലെ തന്റെ ജീവിതത്തിലേക്ക് അദ്ദേഹം കൈപിടിച്ചു. ആറ് വര്‍ഷം തന്റെ പ്രീയപ്പെട്ടവള്‍ക്കായി നിന്ന ശേഷമാണ് ശശിധരന്‍ നായര്‍ വിടപറയുന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി ലഫ്റ്റനന്റ് കേണല്‍ സന്ദീപ് അഹ്ലാവതാണ് സോഷ്യല്‍ മീഡിയയിലൂടെ ശശിധരന്റെ പ്രണയം പങ്കുവെച്ചത്. തന്റെ പ്രിയതമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം താരതമ്യങ്ങള്‍ക്ക് അതീതമാണെന്നാണ് സന്ദീപ് കുറിച്ചത്. 

ചെങ്ങമനാട് സ്വദേശിയാണ് ശശിധരന്‍. ജമ്മു കശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മേജര്‍ ശശിധരന്‍ മരണപ്പെട്ടത്. ആദ്യമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് വൈകിട്ട് നടത്തിയ തെരച്ചിലിനിടെയാണ് മേജര്‍ കൊല്ലപ്പെട്ടത്. ശശിധരന്‍ നായര്‍ 11 വര്‍ഷമായി സൈന്യത്തിലുണ്ട്. മേജര്‍ ശശിധരന്‍ നായരുടെ ഒപ്പമുണ്ടായിരുന്ന സൈനികനും മരണപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ