ജീവിതം

28 ദിവസം കടലില്‍, ദാഹം തീര്‍ത്തത് കടല്‍വെള്ളം കുടിച്ച്; യുവാവിന് പുതുജീവന്‍

സമകാലിക മലയാളം ഡെസ്ക്

ഒഡിഷ: കൊടുങ്കാറ്റില്‍ ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട നാല്‍പ്പത്തിയൊന്‍പതുകാരന് 28 ദിവസത്തിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടല്‍. ആന്‍ഡമാന്‍ നിക്കോബാറിലെ ഷാഹിദ് ദ്വീപ് സ്വദേശിയായ അമൃത് കുജൂര്‍ ആണ് അത്ഭുതകരമായി രക്ഷപ്പെട്ട് ഒഡിഷയിലെ പൂരി ജില്ലയിലെ കടല്‍ത്തീരത്ത് എത്തിയത്. 

സെപ്റ്റംബര്‍ 28ന് ആയിരുന്നു കുജൂറും സുഹൃത്ത് ദിവ്യരഞ്ജനും യാത്ര പുറപ്പെട്ടത്. കപ്പലുകള്‍ക്ക് ദൈംനംദിന ആവശ്യത്തിനുളഅള പലചരക്ക് സാധനങ്ങള്‍, കുടിവെള്ളം എന്നിവ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്. എന്നാല്‍ അവിചാരിതമായി ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ ബോട്ടിന് നിയന്ത്രണം നഷ്ടമായി. കൂടാതെ ബോട്ടിന് സാരമായ കേടുപാടും സംഭവിച്ചു. ഇവരുടെ വയര്‍ലെസ് സംവിധാനവും തകരാറിലായി. 

ഏകദേശം അഞ്ച് ലക്ഷം രൂപയുടെ വില്‍പന സാധനങ്ങളുമായാണ് ഇവര്‍ യാത്ര തുടങ്ങിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ ബോട്ട് കടലില്‍ മുങ്ങിപ്പോകാതിരിക്കാനായി ബോട്ടില്‍ നിറച്ചിരുന്നതെല്ലാം അവര്‍ കടലിലേക്കെറിഞ്ഞു. കടന്നുപോകുന്ന ഏതെങ്കിലും കപ്പലുമായി ബന്ധപ്പെടാന്‍ അവര്‍ ശ്രമിച്ചു. ഒടുവില്‍ ബര്‍മീസ് നാവികക്കപ്പലിന്റെ സഹായം അവര്‍ക്ക് ലഭിച്ചു. 260 ലിറ്റര്‍ ഡീസലും ദിക്കറിയാന്‍ വടക്കുനോക്കിയന്ത്രവും അവര്‍ നല്‍കി. 

ഇന്ധനം തീര്‍ന്നതോടെ ഇരുവരും വീണ്ടും ഒറ്റപ്പെട്ടു. ''എനിക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. കടല്‍വെളളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. തൂവാലയില്‍ വെളളം അരിച്ചെടുത്തതാണ് കുടിച്ചിരുന്നത്''- കുജൂര്‍ പറഞ്ഞു.

കഴിക്കാനൊന്നുമില്ലാതെ, കുടിവെള്ളമില്ലാതെ അവര്‍ തളര്‍ന്നു. ഇടയ്ക്ക് കടല്‍വെള്ളം കുടിച്ച് ദാഹമകറ്റാന്‍ ശ്രമിച്ചുവെങ്കിലും കുറച്ചു ദിവസത്തിനുള്ളില്‍ ദിവ്യരഞ്ജന്‍ മരണത്തിന് കീഴടങ്ങി. 

സുഹൃത്തിന്റെ മൃതശരീരം ഏതു വിധേനയും കരയിലെത്തിക്കാമെന്ന് കുജൂര്‍ കരുതിയെങ്കിലും രണ്ടു ദിവസം കഴിഞ്ഞതോടെ അഴുകാന്‍ തുടങ്ങിയതോടെ ദിവ്യരഞ്ജന്റെ ശരീരം കടലിലേക്കെറിയാന്‍ കുജൂര്‍  നിര്‍ബന്ധിതനായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവന്‍ മാത്രം അവശേഷിച്ച കുജൂറുമായി പാടെ തകര്‍ന്ന ബോട്ട് തീരത്തടിഞ്ഞത്.  

കുജൂറിന് വൈദ്യസഹായം ഉടന്‍ തന്നെ ലഭ്യമാക്കി. അയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അമൃതിനെ കാണാനില്ലെന്ന്  അധികൃതര്‍ക്ക് പരാതി നല്‍കി കാത്തിരുന്ന ബന്ധുക്കളെ വിവരമറിയിച്ചതായും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ എത്തിച്ചേരുമെന്നും അധികൃതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം