ജീവിതം

മരണം മുന്നിൽക്കണ്ട് അവർ താണ്ടിയ ദൂരം, കുടിയേറ്റ തൊഴിലാളികളുടെ ദുരിതയാത്ര കാട്ടി ചാവുനടപ്പാട്ട്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏറ്റവുമധികം ദുരിതം വിതച്ചത് രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതങ്ങളിലാണ്. മരണം മുന്നിൽക്കണ്ട് സ്വന്തം നാടുകളിലേക്ക് കൂട്ടപ്പലായനം നടത്തിയ അവരെ വേദനയോടെ കണ്ടുനിൽക്കാനേ പലർക്കുമായുള്ളു. സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാൻ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കെത്തിയ അവരുടെ ദുരിതം വരച്ചു കാട്ടുകയാണ് 'ചാവുനടപ്പാട്ട്' എന്ന കവിത.

മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ദുരിതത്തിലാക്കിയ തൊഴിലാളികളുടെ പലായനത്തിൻ്റെ കഥയാണ് കളക്ടീവ് ഫേസ് വണ്ണിൻ്റെ ചാവുനടപ്പാട്ട് എന്ന പുതിയ ഗാനം. കുടിയേറ്റ തൊഴിലാളികളോട് ഐക്യപ്പെടാൻ ആഹ്വാനം ചെയ്യുന്ന ചാവുനടപ്പാട്ട് അവരോട് പൊതുസമൂഹം പുലർത്തിയ ഉദാസീനത തുറന്നു കാട്ടിയിരിക്കുകയാണ്.  സ്വന്തം നാട്ടിലേയ്ക്കു കിലോമീറ്ററുകൾ കാൽനടയായും സൈക്കിളിലും സഞ്ചരിക്കുകയും മരിച്ചു വീഴുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഈ ഗാനത്തിലൂടെ വരച്ചു കാണിക്കുന്നത്.

കവി അൻവർ അലിയാണ് ചാവുനടപ്പാട്ടിന്റെ വരികളെഴുതിയത്. മട്ടാഞ്ചേരി ഉരു ഹാർബറിന്റെ സഹകരണത്തോടെയാണ് നിർമാണം. സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ജോൺ പി വർക്കിയാണ് വീഡിയോയിൽ പാടി അഭിനയിച്ചിരിക്കുന്നത്.

ചാവുനടപ്പാട്ട്

നാട്ടുമ്പുറത്തു വളർന്നതാണ്
പട്ടണം തീണ്ടിപ്പുലർന്നതാണ്
രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്
വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

മാമാരി പെയ്യും പെരുമ്പാത
കാൽനട താണ്ടിയോരാണ്
പാച്ചിലൊഴിഞ്ഞ രാപ്പാളങ്ങൾ
പൂണ്ടു മയങ്ങിയോരാണ്

നാട്ടുമ്പുറത്തു വളർന്നതാണ്
പട്ടണം തീണ്ടിപ്പുലർന്നതാണ്
രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്
വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

ഊട്ടിയ ധാബകൾ
നീറ്റിയ ചൂളകൾ
പട്ടണത്തീട്ടം ചുമന്ന കഴുതകൾ
പൂട്ടുകാലത്തിന് വേണ്ടാതായവർ
വെള്ളം കോരികൾ വിറകുവെട്ടികൾ

തെറിച്ചൊരെല്ല് തുറിച്ച കണ്ണ്
കരിഞ്ഞ ചപ്പാത്തിക്കഷണമൊന്ന്
ചരിത്രം കീറിയൊരഴുക്കുചാലു
ചവിട്ടി നടന്നു പുഴുത്ത കാല്

അവരുടെ പേരെന്താണ് ? ഇന്ത്യ
അവരുടെ ഊരേതാണ് ? .ഇന്ത്യ  
അവരുടെ നാവ് ? ഇന്ത്യ
കിനാവ്? ഇന്ത്യ
ചാവ്? ഇന്ത്യ
ജയില് ? ഇന്ത്യ

പട്ടണത്തിൽ നിന്ന് നാട്ടിലേക്കോടും  
ഞരമ്പിലെ ചോര ഇന്ത്യ....
പട്ടിണിയായോർ കുഴലൂത്തിൽ മുങ്ങി
മരിക്കുന്ന ജാലം ഇന്ത്യ....

നാട്ടുമ്പുറത്തു വളർന്നതാണ്
പട്ടണം  തീണ്ടിപ്പുലർന്നതാണ്
രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്
വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

മാമാരി പെയ്യും പെരുമ്പാത
കാൽനട താണ്ടിയോരാണ്
പാച്ചിലൊഴിഞ്ഞ രാപ്പാളങ്ങൾ
പൂണ്ടു മയങ്ങിയോരാണ്

അവരുടെ പേരെന്താണ് ? ഇന്ത്യ
അവരുടെ ഊരേതാണ് ? .ഇന്ത്യ  
അവരുടെ നാവ് ? ഇന്ത്യ
കിനാവ്? ഇന്ത്യ
ചാവ്? ഇന്ത്യ
ജയില് ? ഇന്ത്യ

നാട്ടുമ്പുറത്തു വളർന്ന്
പട്ടണം തീണ്ടിപ്പുലർന്ന്
രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്
വണ്ടിക്കടിപ്പെട്ടരഞ്ഞ്
വണ്ടിക്കടിപ്പെട്ടരഞ്ഞ്
വണ്ടിക്കടിപ്പെട്ടരഞ്ഞ്   
വണ്ടിക്കടിപ്പെട്ടരഞ്ഞ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി