കായികം

സ്‌പെയിനില്‍ റിയല്‍ മാഡ്രിഡ്, ഇംഗ്ലണ്ടില്‍ ചെല്‍സി, ഇറ്റലിയില്‍ യുവന്റസ്, ജര്‍മനിയില്‍ ബയേണ്‍

സമകാലിക മലയാളം ഡെസ്ക്

അങ്ങനെ യൂറോപ്പിന്റെ ലീഗ് സീസണ് പരിസമാപ്തിയായി. വര്‍ഷങ്ങള്‍ക്കു ശേഷം കിരീടം തിരിച്ചു പിടിച്ചവരും തുടര്‍ച്ചയായി ലീഗ് കിരീടം കൈവിടാത്തവരും കളിപ്രേമികളെ പിടിച്ചിരുത്തി. ടീമുകളെ വിജയത്തിന്റെ നെറുകയിലെത്തിക്കുന്ന സൂപ്പര്‍ താരങ്ങള്‍ കാണികളെ ആവേശത്തിലാക്കിയപ്പോള്‍ വരും തലമുറ ഫുട്‌ബോള്‍ ഇതിലും മികച്ചതാണെന്ന് വ്യക്തമായി ബോധ്യപ്പെടുത്തി നിരവധി യുവതാരങ്ങള്‍ പന്തുമായി മുന്നോട്ട് കയറി വന്നതിനും ഈ സീസണ്‍ സാക്ഷിയായി.

റിയല്‍ മാഡ്രിഡ്

അഞ്ച് വര്‍ഷത്തിനു ശേഷം ലാലീഗ കിരീടം റിയല്‍ മാഡ്രിഡ് സ്വന്തമാക്കി. 38 കളികളില്‍ നിന്ന് 93 പോയിന്റോടെ പോയിന്റ് പട്ടികയില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ബാഴ്‌സയെ പിന്നിലാക്കിയാണ് ലോസ് ബ്ലാങ്കോസ് കിരീടമുയര്‍ത്തിയത്. അവസാന മത്സരത്തില്‍ മലാഗയെ അവരുടെ മൈതാനത്ത് നേരിട്ട റിയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും കരീം ബെന്‍സേമയുടെയും ഗോളിനു ജയിച്ചു.

2012നു ശേഷം ലാലീഗ ചാംപ്യന്‍ പട്ടം അകന്നിരുന്ന സാന്റിയാഗോ ബെര്‍ണാബുവില്‍ കിരീടം തിരിച്ചെത്തിയത് പരിശീലകനായ സിനദീന്‍ സിദാന്റെയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മികവിലാണ്. അതേസമയം, അടുത്ത മാസം മൂന്നിന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ നേരിടുന്ന റിയല്‍ മാഡ്രിഡിന് ലാലീഗ കിരീട നേട്ടം ആഘോഷിക്കാന്‍ സമയമില്ലെന്നാണ് സിദാന്‍ പറഞ്ഞത്.


ചെല്‍സി
അന്റോണിയോ കോന്റെ പരിശീലകനായി എത്തിയതോടെയാണ് ചെല്‍സി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നത്. 38 കളികളില്‍ നിന്ന് 93 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തായ ടോട്ടന്‍ഹാമിന് ഇത്രയും കളികളില്‍ നിന്ന് 86 പോയിന്റാണ് നേടാനായത്.

കഴിഞ്ഞ സീസണില്‍ പത്താംസ്ഥാനത്ത് ലീഗ് പൂര്‍ത്തിയാ്കിയ ചെല്‍സി കോന്റെ പരിശീലകനായതോടെ വമ്പന്‍ തിരിച്ചുവരവിലൂടെയാണ് കിരീടം തിരിച്ചുപിടിച്ചത്. ചുമതലയേറ്റശേഷം ആദ്യ സീസണില്‍ തന്നെ ടീമിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്ന നാലാമത്തെ പരിശീലകനാണ് കോന്റെ. ജോസ് മൗറീഞ്ഞോ (2004-2005), കാര്‍ലോ ആന്‍സലോട്ടി (2009-2010) , മൗറീസിയോ പെല്ലിഗ്രിനി (2013-2014) എന്നിവരാണ് ഈ റെക്കോര്‍ഡ് നേടിയ മറ്റു കോച്ചുകള്‍.

20 വര്‍ഷത്തിനു ശേഷം ആദ്യമായി ആഴ്‌സണലിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തതാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള മറ്റൊരു വാര്‍ത്ത. ലീഗിലെ ആദ്യ നാലില്‍ എത്താന്‍ പറ്റാത്തതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്.

യുവന്റസ്
ഈ സീസണില്‍ ട്രെബിള്‍ ആണ് യുവന്റസ് ലക്ഷ്യമിടുന്നത്. കോപ്പ ഇറ്റാലിയയും സീരി എയും നേടിയ യുവന്റസ് റിയല്‍ മാഡ്രിഡുമായുള്ള ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസമാണ് യുവന്റസ് സീരി എ ചാംപ്യന്‍ പട്ടം ഉറപ്പിച്ചത്. ക്രോട്ടോണുമായി നിര്‍ണായക മത്സരത്തിനിറങ്ങിയ യുവന്റസ് അവരുടെ വലയില്‍ അടിച്ചു കയറ്റിയത് മൂന്ന് ഗോളുകള്‍. ഒപ്പം സീരി എ കിരീടവും ഓള്‍ഡ് ലേിഡിയുടെ ഷോകേസിലെത്തി.

ബയേണ്‍ മ്യൂണിക്ക്
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഈ സീസണിലും മാറ്റമുണ്ടായില്ല. തുടര്‍ച്ചയായ അഞ്ചാം തവണയും ബയേണ്‍ മ്യൂണിക്ക് തന്നെ ചാംപ്യന്‍മാരായി. ജര്‍മന്‍ കപ്പിലും, ചാംപ്യന്‍സ് ലീഗിലുമേറ്റ പരാജയങ്ങള്‍ക്ക് ജര്‍മനിയിലെ തന്റെ ആദ്യ കിരീടത്തിലൂടെ കാര്‍ലോ അന്‍സലോട്ടി മറുപടി നല്‍കി. 54 ബുണ്ടസ് ലീഗകളില്‍ 26 കിരീടങ്ങളാണ് മ്യൂണിക്കിന്റെ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ഫിലിപ്പ് ലാം, സാബി അലോണ്‍സോ എന്നീ താരങ്ങള്‍ ഈ സീസണോടെ ബൂട്ടഴിക്കുമ്പോള്‍ പകരക്കാരെ കണ്ടെത്തേണ്ടി വരും ബയേണിന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍