കായികം

മത്സരം ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ലോതര്‍ മത്തേയൂസ്; കളിയില്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെന്നില്ലെന്ന് ഇതിഹാസം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ലോതര്‍ മത്തേയൂസ്. സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങേണ്ടി വന്ന പശ്ചാത്തലത്തില്‍ മത്സരം ബഹിഷ്‌കരിച്ച ആരാധകരുടെ പ്രതികരണം തെറ്റാണെന്ന് ലോതര്‍ മത്തേയൂസ് മാധ്യമങ്ങളോട് പറഞ്ഞു. 

കളിയില്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്ന ഫലം ലഭിക്കണമെന്നില്ല. ആരാധകരുടെ പിന്തുണ എപ്പോഴും ടീമിന് ആവശ്യമാണെന്നും കൊച്ചിയില്‍ നടന്ന മത്സരം കണ്ട് പുറത്തിറങ്ങിയ മത്തേയൂസ് പറഞ്ഞു. 

നിര്‍ഭാഗ്യം പിന്തുടര്‍ന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്.വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ് പിന്നിടുന്ന ഒമ്പതാം മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്. നിര്‍ഭാഗ്യവും റഫറിയുടെ തെറ്റായ തീരുമാനവും ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടിയായി.

നിരവധി മികച്ച നീക്കങ്ങള്‍ നടത്തിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷേ ഒന്നു പോലും ഗോളാക്കാനായില്ല. പല തവണ ഗോളിനടുത്തെത്തിയിട്ടും ഫിനിഷിങ്ങിലെ പിഴവ് ബ്ലാസ്‌റ്റേഴ്‌സിന് വിനയാകുകയായിരുന്നു. 

വിവാദ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ജംഷേദ്പുരിന്റെ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നുള്ള ഒരു ഫൗളിന് റഫറി ബ്ലാസ്‌റ്റേഴ്‌സിനെതിരേ പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 66ാം മിനിറ്റില്‍ ടിം കാഹിലിന്റെ മുന്നേറ്റം തടയാനുള്ള ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെ ശ്രമമാണ് ഫൗളില്‍ കലാശിച്ചത്. ജംഷേദ്പുര്‍ താരങ്ങളുടെ അപ്പീലിനെ തുടര്‍ന്ന് ലൈന്‍ റഫറിയുമായി ചര്‍ച്ച ചെയ്ത ശേഷം റഫറി ബ്ലാസ്‌റ്റേഴ്‌സിനെതിരായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കാര്‍ലോസ് കാല്‍വോ പന്ത് അനായാസം വലയിലെത്തിച്ചു.

 77ാം മിനിറ്റില്‍ ഡുംഗലാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഗോളിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ഗോള്‍കീപ്പറിന്റെ അടുത്തുവച്ച് ഡുംഗല്‍ പന്ത് വലയിലേക്ക് കോരിയിടുകയായിരുന്നു. സീസണില്‍ ഡുംഗലിന്റെ ആദ്യഗോളാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍