കായികം

കേരള സൈക്കിള്‍ പോളോ ടീമിനു മുന്നില്‍ ഗേറ്റടച്ചു; ടീം പങ്കെടുക്കുന്ന വിവരം പോലും അറിയില്ലെന്ന് സംഘാടകര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലാതല ചാമ്പ്യന്‍ഷിപ്പ് നടത്തി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമിച്ച ഒബ്‌സര്‍വറുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്ത ടീം. പല ജില്ലകളില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയ ഈ സംഘത്തെ തിരുവനന്തപുരത്തെത്തിച്ച് അവിടെ എട്ട് ദിവസത്തെ പരിശീലനം. പിന്നെ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ രാജസ്ഥാനിലെ ബിക്കാനീറിലേക്ക് യാത്ര. 

എന്നാല്‍ ദേശീയതലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെത്തിയ 16 പെണ്‍കുട്ടികളുടെ കേരള സൈക്കിള്‍ പോളോ ടീമിന് ചെന്നിറങ്ങിയപ്പോള്‍ മുതല്‍ തിരിച്ചടികളാണ്. ടീമിന് അംഗീകാരമില്ലെന്നും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതര്‍ ടീമിനെ അറിയിച്ചത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ ടീമിനാണ് ഇന്നുതുടങ്ങിയ ദേശിയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചിരിക്കുന്നത്. 

കേരള സൈക്കിള്‍ പോളോ അസോസിയേഷനിലുണ്ടായ ഭിന്നതയാണ് സംസ്ഥാന ടീമിന് അവസരം നിഷേധിക്കുന്നിടം വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. സംഘടനയ്ക്കുള്ളിലെ ഭിന്നതയെത്തെുടര്‍ന്ന് 2014ല്‍ സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള എന്ന പുതിയ സംഘടന രൂപവത്കരിച്ചിരുന്നു. അഖിലേന്ത്യ ഫെഡറേഷനില്‍ അഫിലിയേഷനുള്ളത് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളക്കാണ്. ഈ വിഷയത്തില്‍ ഇരു സംഘടനകളും തമ്മില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടയിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ ബലത്തിലാണ് കേരള ടീം ചാമ്പ്യന്‍ഷിപ്പിനായി പുറപ്പെട്ടത്. കോടതി വിധിയുടെ പകര്‍പ്പുമായാണ് തങ്ങള്‍ ഇവിടെ എത്തിയതെന്നും എന്നാല്‍ അതൊന്നും പരിഗണിക്കില്ലെന്ന നിലപാടിലാണ് സംഘാടകരെന്നും സീനിയര്‍ സൈക്കിള്‍ പോളോ താരവും കേരള ടീം പരിശീലകരില്‍ ഒരാളുമായ ഷബീര്‍ പറഞ്ഞു. 

എന്നാല്‍ കേസിന്റെ നടപടിക്രമങ്ങള്‍ തുടരുകയാണെങ്കിലും ഇതിനിടയില്‍ നടക്കുന്ന മത്സരങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കട്ടെ എന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് ഷബീര്‍ പറയുന്നു. എന്നാല്‍ മത്സരം നടക്കുന്ന സ്ഥത്തേക്ക് പ്രവേശിക്കാനോ സംഘാടകരുമായി സംസാരിക്കാനോ കഴിയാതെ ഗേറ്റിന് പുറത്ത് നില്‍ക്കുകയാണ് തങ്ങളെന്നാണ് പരിശീലകന്‍ പറയുന്നത്.

മത്സരത്തില്‍ പങ്കെടുക്കാനായി ഇന്നലെ ബിക്കാനീറിലെത്തിയ ടീം അംഗങ്ങളോട് ഇങ്ങനെയൊരു ടീം പങ്കെടുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ അറിയിച്ചത്. ഈ കാരണം ചൂണ്ടിക്കാട്ടി ടീം അംഗങ്ങള്‍ക്ക് താമസം അടക്കമുള്ള സൗകര്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ കേരളത്തെ പ്രതിനിധീകരിച്ച് സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീം എത്തിയിട്ടുണ്ടെന്നും അവരെ പങ്കെടുപ്പിക്കാനാണ് തങ്ങളെ ഒഴിവാക്കുന്നതെന്നുമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ടീം ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത